ഇസ്രായേലിൻ്റെ ഗാസ വംശഹത്യ 2023 ഒക്ടോബറിൽ ആരംഭിച്ചതുമുതൽ, ഗാസ മുനമ്പിലെ പത്തിൽ ഒമ്പത് പേർക്കും ഒരിക്കലെങ്കിലും രാജ്യത്തിനകത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസിയായ OCHA യുടെ മേധാവി ആൻഡ്രിയ ഡി ഡൊമെനിക്കോ പറഞ്ഞു. ജീവൻ രക്ഷിക്കാൻ പലതവണ പലായനം ചെയ്യേണ്ടി വന്ന നിരവധി പേരുണ്ടെന്നും ഡൊമെനിക്കോ ചൂണ്ടിക്കാട്ടി.
ഗസയില്‍ ഏകദേശം 19 ലക്ഷം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. നേരത്തെ 17 ലക്ഷമായിരുന്നു യുഎന്നിന്റെ കണക്ക്. റഫയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് കണക്ക് വര്‍ധിച്ചതെന്ന് ഒസിഎച്ച്എ മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ പലസ്തീന്‍ ജനതയുടെ സ്വസ്ഥമായ ജീവിതം ഇല്ലാതാക്കുകയാണെന്നും ജീവിതം വീണ്ടും പുനഃക്രമീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
19 ലക്ഷം എന്നത് വെറും ഒരു സംഖ്യ അല്ല. ആ സംഖ്യകള്‍ക്ക് പിന്നില്‍ മനുഷ്യരാണുള്ളത്. അവര്‍ക്ക് ഭയങ്ങളും ആവലാതികളും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ഒരു ചെസ് ബോര്‍ഡിലെ കാലാളുകളെപ്പോലെ നീങ്ങുകയാണ് അവര്‍. ഈ അവസ്ഥ ഭയാനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിന്റെ സൈനിക നടപടികളെ തുടര്‍ന്ന് ഗസ മുനമ്പ് രണ്ടായി വിഭജിക്കപ്പെട്ടു. പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് മൂന്ന് മുതല്‍ മൂന്നര ലക്ഷം വരെ ആളുകള്‍ താമസിക്കുന്നുണ്ട്. ഇവര്‍ തെക്ക് ഭാഗത്തേക്ക് പോകാന്‍ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. വംശഹത്യ ആരംഭിച്ചതു മുതല്‍, മെയ് ആദ്യം ഈജിപ്തിലേക്കുള്ള റഫ ക്രോസിങ് അടയ്ക്കുന്നത് വരെ ഏകദേശം 1,10,000 ആളുകള്‍ ഗസ മുനമ്പ് വിട്ട് ഈജിപ്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറി എന്നും ഡൊമെനിക്കോ പറഞ്ഞു.