ജാതിയധിക്ഷേപം: മാന്യത വേണ്ടേ തള്ളിപ്പറയാൻ

0
113

– കെ വി –

നില്പിലും നടപ്പിലും നോക്കിലും വാക്കിലുമെല്ലാം ഗുണ്ടാ ശൈലി പ്രകടിപ്പിച്ചേ തീരൂ എന്ന നിഷ്ഠയുള്ള നേതാവാണ് കെ സുധാകരൻ . മാർക്സിസ്റ്റുകാരോട് മുട്ടാൻ ഇങ്ങനെയൊക്കെ വേണമെന്നാണ് ആ ജനപ്രതിനിധിയെ നയിക്കുന്ന ധാരണ. മാടമ്പിസംസ്ക്കാരം അലങ്കാരമായി കൊണ്ടുനടക്കുന്ന അദ്ദേഹത്തിൽനിന്ന് മാന്യത പ്രതീക്ഷിക്കുന്നതാണ് തെറ്റ്.

ആരുടെയും നെറ്റിചുളിപ്പിക്കുന്ന ധിക്കാരവും വീമ്പുപറച്ചിലുംകൊണ്ട് കോൺഗ്രസ്സിന്റെ മുഖം തുടർച്ചയായി വികൃതമാക്കിക്കൊണ്ടിരിക്കുന്ന സുധാകരന്റെ രാഷ്ട്രീയപാരമ്പര്യം ഒട്ടേറെ നിരപരാധികളുടെ ചോരക്കറ പുരണ്ടതുമാണ്.

എന്നിട്ടും കണ്ണൂരിന്റെ വാമൊഴി വഴക്കമെന്നൊക്കെ വളച്ചുകെട്ടിപ്പറഞ്ഞ് ആഭാസത്തരങ്ങളെ ന്യായീകരിക്കുന്ന വാഴക്കന്മാർ ഇനിയും നാണക്കേട് ഇരന്നുവാങ്ങണോ …! കാലം മാറിയില്ലേ, വീണ്ടും പഴയ പ്രമാണിത്തത്തിന്റെ നെഗളിപ്പിലേക്ക് തിരിച്ചുപോകണോ.

ജാതി വേർതിരിവും കുലത്തൊഴിൽ ചൊല്ലി ആക്ഷേപിക്കലും കോൺഗ്രസിൽ വളരെ മുമ്പേയുണ്ട്. ആദ്യമൊക്കെ സമ്മേളനങ്ങളിൽവരെ വെവ്വേറെ രണ്ട് പന്തിയിലായി ഭോജന ശാലയുമുണ്ടായിരുന്നു. കേളപ്പജിയും മൊയാരത്ത് ശങ്കരനുമുൾപ്പെടെയുള്ള നേതാക്കൾ മുൻകൈയെടുത്താണ് അതിൽ മാറ്റം വരുത്തിയത്. അത് പഴയ കഥയെന്നു കരുതി തള്ളാം.

എന്നാൽ, അത്രയൊന്നും പിറകിലല്ലാത്ത സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള കാലത്തോ… മുതിർന്ന തലമുറക്കാരുടെ ഓർമ്മകളിൽ കേരളത്തിലെ പണ്ടത്തെ കോൺഗ്രസ്സുകാർ ആവേശംമുട്ടി വിളിച്ച ഒരു മുദ്രാവാക്യമുണ്ട് – “ചാത്തൻ പോത്തിനെ മേയ്ക്കട്ടെ, ഗൗരി പുല്ലു പറിക്കട്ടെ ” – എന്ന് . ആറുപതിറ്റാണ്ട് മുമ്പാണ് അത്. യഥാസ്ഥിതിക മേലാളന്മാരായ ഏതാനും പിള്ളാച്ചന്മാരും പള്ളീലച്ചന്മാരും മുന്നിട്ടിറങ്ങി കുഞ്ഞാടുകൾക്ക് ഓതിക്കൊടുത്തു വിളിപ്പിച്ചതാണ്.

1959-ലെ കുപ്രസിദ്ധമായ “വിമോചന സമര”ത്തിലുയർത്തിയ തെറിയഭിഷേകത്തിനിന്ന് അടർത്തിയെടുത്ത ചെറിയൊരു കഷണമാണിത്. ജാതി വ്യവസ്ഥയിൽ താഴേ ശ്രേണിയിൽപെട്ട , മന്ത്രിമാരായ കെ ആർ ഗൗരിയമ്മയെയും പി കെ ചാത്തൻ മാസ്റ്റരെയും ഇകഴ്ത്തിക്കാട്ടുകയായിരുന്നു തല്പരകക്ഷികളുടെ ഉദ്ദേശ്യം. അന്നത്തെ കോൺഗ്രസ് സംസ്ക്കാരത്തിന്റെ തനിമ നിറഞ്ഞാടിയ മറ്റു ചിലത് അറിയണോ..?

” ചാത്തൻ പൂട്ടാൻ പോകട്ടെ, ചാക്കോ നാട് ഭരിക്കട്ടെ … പാളേക്കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും …ഗൗരിച്ചോത്തീ പെണ്ണല്ലേ, വാടീ ഗൗരി കയറുപിരിക്കാൻ … ” എന്നിങ്ങനെ ലക്കുകെട്ട് നീളുന്നതാണവ. ഒടുവിലത് “ഗൗരിച്ചോത്തിയെ വേളികഴിച്ചൊരു റൗഡിത്തോമാ സൂക്ഷിച്ചോ ” എന്നതിൽവരെ എത്തിയിരുന്നു. ഏതെങ്കിലും പ്രകടനത്തിൽ ആവേശക്കോമരങ്ങളായ ആരെങ്കിലും യാദൃച്ഛികമായി വിളിച്ച മുദ്രാവാക്യങ്ങളല്ല ഇവയൊന്നും. എഴുത്തും വായനയും ശീലമാക്കിയവർ കുറഞ്ഞ നാളുകളായിരുന്നല്ലോ അത്. മുദ്രാവാക്യരചന അന്ന് അത്ര എളുപ്പമായിരുന്നില്ല.

എറണാകുളത്ത് ഒരു ലോഡ്ജിൽ കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യകാരന്മാരിൽ ചിലരെ ക്ഷണിച്ചുവരുത്തി വേണ്ട വിധത്തിൽ സൽക്കരിച്ച് പ്രാസഭംഗിയുള്ള മുദ്രാവാക്യങ്ങൾ എഴുതിക്കുകയായിരുന്നു അന്ന്. ആ അട്ടിമറി സമരത്തിലെ മുദ്രാവാക്യപ്പിറവിയെക്കുറിച്ച് സൂചന നൽകുന്ന ഒരു പരാമർശം എൻ എസ് മാധവന്റെ ” ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ ” എന്ന നോവലിലുണ്ട്. ചരിത്ര വികാസത്തിന്റെ ഓരോ ഘട്ടത്തിലും അതിനോട് മുഖംതിരിഞ്ഞുനിന്ന കോൺഗ്രസ് നേതൃത്വത്തിലെ മേൽത്തട്ടുകാരുടെ സമീപനം ഈ പഴഞ്ചൻ മുദ്രാവാക്യങ്ങളിൽ കാണാം.

പൊതുജീവിതത്തിലും തൊഴിൽരംഗത്തുമടക്കം വലിയ പരിവർത്തനങ്ങൾക്ക് സാക്ഷ്യംവഹിച്ച നാടാണ് നമ്മുടേത്. ജാതിയുടെ അടിസ്ഥാനത്തിൽ കുലത്തൊഴിൽ എന്ന രീതിയിലും നല്ല മാറ്റങ്ങൾ വന്നു. എന്നിട്ടും പ്രാകൃത മനോഭാവം പുലർത്തിപ്പോരുന്ന നേതാക്കൾ ബി ജെ പിപോലുള്ള പാർട്ടികളിൽ ഉണ്ടെന്നത് ശരി. ചാതുർവർണ്യ ധർമങ്ങളെ പുകഴ്ത്തുന്ന മനുസ്മൃതിയെ ഇന്നും ആദരിക്കുന്നവരിൽ അത് സ്വാഭാവികം.

ഒപ്പം മൃദുഹിന്ദുത്വത്തെ പുണരുന്ന സുധാകരന്മാർ കോൺഗ്രസ് നേതൃനിരയിലേക്ക് കയറിവരുന്നതും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ , കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും എം പി യുമായി ഇരുന്നുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിയെ കുലത്തൊഴിൽ സൂചിപ്പിച്ച് ആക്ഷേപിക്കുന്നത് ശുദ്ധ വിവരക്കേടാണ് ; അത് മോശമായിപ്പോയി എന്നെങ്കിലും പറയാൻ എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കൾക്ക് തോന്നാത്തത് തീരെ മാന്യതയില്ലായ്മയും.

സുധാകരന്റെ നാവുചുഴറ്റൽ തങ്ങൾക്കെതിരെയും വന്നേക്കുമെന്ന് ഭയക്കുന്ന സഹനേതാക്കൾ ഒരു കാര്യം ഓർക്കണം. ആയിരം നാവുള്ള സുധാകരന്മാർ അനേകായിരം വട്ടം വങ്കത്തരങ്ങൾ ആവർത്തിച്ചാലും പിണറായി വിജയന് ജനമനസ്സിലുള്ള സ്ഥാനത്തിന് തെല്ലും പോറലേൽക്കില്ല.