ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിച്ചേക്കും

0
120

ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും. ഇടക്കാല ജാമ്യാപേക്ഷയിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയുടെ ഇടപെടലിന് സമയമെടുക്കും. ഈ വിഷയത്തിൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കേജ്രിവാളിന്റെ ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്.

തെളിവുകളൊന്നുമില്ലാതെ ആണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുള്‍പ്പെടെയുള്ള വാദങ്ങളാണ് കെജ്രിവാള്‍ കോടതിയില്‍ നിരത്തിയത്. ഭരണ ഘടന ഉറപ്പ് നല്കുന്ന പ്രാഥമിക അവകാശങ്ങളുടെ ലംഘനമാണിത്. സമന്‍സിന് അനുസൃതമായി ഹാജരാകാതിരുന്നത് നടപടിയ്ക്ക് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ്. സമന്‍സ് അനുസരിച്ച് ഹാജരാകാതിരുന്നു എന്നതിന്റെ പേരില്‍മാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഇ.ഡി. നീക്കം നിയമവിരുദ്ധമായിരുന്നെന്നുമാണ് കെജ്രിവാളിന്റെ വാദം. മദ്യനയക്കേസിന്റെ സൂത്രധാരന്‍ കെജ്രിവാളാണെന്നാരോപിച്ച് ഇ.ഡി കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.