ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൻ്റെ മകൻ കരൺ ഭൂഷൺ സിംഗ് ഇത്തവണ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. ദേശീയ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തിൽ കുടുങ്ങി ബ്രിജ്ഭൂഷൺ റെസ്ലിങ് ഫെഡറേഷൻ പ്രസിഡൻ്റ് സ്ഥാനത്തുനിന്നും രാജിവച്ചിരുന്നു. എന്നാൽ, ഇത്തവണയും താൻ കൈസർഗഞ്ചിലെ സ്ഥാനാർത്ഥിയായിരിക്കുമെന്ന് ബ്രിജ്ഭൂഷൺ പ്രതികരിച്ചിരുന്നു. ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ്റെ പ്രസിഡൻ്റാണ് കരൺ ഭൂഷൺ. ബ്രിജ്ഭൂഷൻ്റെ മറ്റൊരു മകൻ പ്രതീക്ഭൂഷൺ സിംഗ് ഉത്തർപ്രദേശിൽ എംഎൽഎയാണ്.
കഴിഞ്ഞ മൂന്ന് തവണയും കൈസര്‍ഗഞ്ജിനെ പ്രതിനിധീകരിച്ചത് ബ്രിജ് ഭൂഷണായിരുന്നെങ്കിലും ഗുസ്തി വിവാദം തിരിച്ചടിയാവുമോയെന്ന ആശങ്കയാണ് ഇത്തവണ സീറ്റ് നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം. അഞ്ചാം ഘട്ടത്തില്‍ മെയ് 20-ന് ആണ് കൈസര്‍ഗഞ്ജ് അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥിയെ ബി.ജെ.പി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
പത്രിക സമര്‍പ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലും താന്‍ കൈസര്‍ഗഞ്ജില്‍ ജയിച്ചിരിക്കുമെന്നും ഇവിടെ 99.9 ശതമാനവും താന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നും നേരത്തെ ബ്രിജ്ഭൂഷണ്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിലും അവസരം കിട്ടിയാല്‍ ഇത്തവണ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് കരണ്‍ഭൂഷണ്‍ സിങ്ങനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്.
വനിതാ ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയേത്തുടര്‍ന്നാണ് ബ്രിജ്ഭൂഷണ്‍ വിവാദത്തിലായത്. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ചുമത്തിയിരുന്നത്.