ജിബൂത്തിയിൽ നിന്നും ജിദ്ദയിലേക്ക് വരികയായിരുന്ന കണ്ടെയ്നർ കപ്പലിനു നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ചെങ്കടലിൽ യമനിൽ നിന്നാണ് ഹൂതികളുടെ ആക്രമണം ഉണ്ടായത്. സമുദ്രപാതയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനെതിരായ ഹൂതികളുടെ ഏറ്റവും പുതിയ ആക്രമണമായിരുന്നിത്. യമനിലെ മോഖ തീരത്ത് വെച്ചാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. പ്രദേശത്ത് ജാഗ്രത പാലിക്കാൻ കപ്പലുകളോട് സെന്റർ ആവശ്യപ്പെട്ടു.
ജിബൂട്ടിയിൽ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന മാൾട്ടയുടെ പതാക ഘടിപ്പിച്ച കണ്ടെയ്നർ കപ്പലിനു നേരെയാണ് മൂന്ന് മിസൈലുകളുടെ ആക്രമണം ഉണ്ടായതെന്ന് സ്വകാര്യ സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു. ‘ആക്രമിച്ച ഫ്രാൻസിൽ നിന്നുള്ള കപ്പൽ അധികൃതർക്ക് ഇസ്രായേലുമായുള്ള വ്യാപാരബന്ധം മൂലമാണ് ഹൂതികൾ കപ്പൽ ലക്ഷ്യമിട്ടതെന്ന് ആംബ്രെ സ്ഥിരീകരിച്ചു. 34,000 ഫലസ്തീനികളെ കൊന്നൊടുക്കികൊണ്ടുള്ള, ഗസ്സയിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കുകയാണ് ചെങ്കടലിലെയും ഏദൻ ഉൾക്കടലിലെയും കപ്പൽ ഗതാഗതത്തിനു നേരെയുള്ള തങ്ങളുടെ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഹൂതികൾ പറയുന്നു.
യു.എസ് മാരിടൈം അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് ഹൂതികൾ 50 ലധികം കപ്പൽ ആക്രമണങ്ങൾ നടത്തുകയും ഒരു കപ്പൽ പിടിച്ചെടുക്കുകയും മറ്റൊന്ന് വെള്ളത്തിൽ മുക്കുകയും ചെയ്തിട്ടുണ്ട്. ഹൂത്തികളുടെ ഭീഷണി കാരണം ചെങ്കടലിലൂടെയും ഏദൻ ഉൾക്കടലിലൂടെയുമുള്ള ഷിപ്പിംഗ് ഇതിനോടകം കുറഞ്ഞിട്ടുണ്ട്.