സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
എന്നിരുന്നാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം, മൃഗസംരക്ഷണ വകുപ്പിൻ്റെ ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
● ചത്ത പക്ഷികളെയോ, രോഗം ബാധിച്ചവയെയെയോ, ദേശാടന കിളികളെയോ, ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുമ്പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
● രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കയ്യുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.
● കോഴികളുടെ മാംസം (പച്ച മാംസം ) കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
● നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.
● നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ/ ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.
● പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
● വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
● വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
● രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
● ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് (Sodium hydroxide) ലായനി, പൊട്ടാസിയം പെർമാംഗനേറ്റ് (potassium permanganate) ലായനി, കുമ്മായം ( Lime) എന്നിവ ഉപയോഗിക്കാവുന്നതാണ്.
● അണു നശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.
● നിരീക്ഷണ മേഖലയിൽ (surveillance zone ) പക്ഷികളുടെ / ദേശാടന പക്ഷികളുടെ മരണം ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ് .
ചെയ്തുകൂടാത്ത കാര്യങ്ങള്‍…
● ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
● പകുതി വേവിച്ച (ബുൾസ് ഐ പോലുള്ളവ ) മുട്ടകൾ കഴിക്കരുത് .
● പകുതി വേവിച്ച മാംസവും ഭക്ഷിക്കരുത്.
● രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ സ്ഥലത്തുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതടക്കമുള്ള- രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതൽ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. ഇവിടത്തെ ഫോൺ നമ്പർ: 0477-2252636
പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണം / അസ്വാഭാവിക ലക്ഷണങ്ങള്‍ എന്നിവ നിരീക്ഷണവിധേയമാക്കാൻ എല്ലാ മൃഗാശുപത്രികളിലെയും വെറ്ററിനറി സര്ജന്മാര്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.