തർക്കം പരിഹരിച്ചു; പിവിആർ ഐനോക്‌സിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

0
471

അനിശ്ചിതത്വവും പ്രതിഷേധവും ഒടുവിൽ മൾട്ടിപ്ലക്‌സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സിൻ്റെ തിയറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചു. ഓൺലൈൻ മീറ്റിംഗിലാണ് തർക്കം പരിഹരിച്ചത്. സിനിമ പ്രൊജക്റ്റ് ചെയ്യുന്ന കണ്ടൻ്റ് മാസ്റ്ററിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയുമായുള്ള തർക്കത്തെ തുടർന്നാണ് പ്രദർശനം നിർത്തിവെച്ചത്.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ പി.വി.ആർ തയ്യാറാവാതിരുന്നതാണ് തർക്കത്തിന് കാരണം.

രണ്ടുദിവസത്തിനു മുമ്പാണ് വിഷു റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും പിവിആർ നിർത്തിയത്. ഇതോടെ പ്രദർശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് സംവിധായകർ ചൂണ്ടിക്കാട്ടിയിരുന്നു.

പി.വി.ആർ തിയേറ്ററുകളുള്ള മാളുകളിൽ ഉൾപ്പെടെ പ്രത്യക്ഷ സമരം നടത്താനായിരുന്നു സിനിമാ സംഘടനകളുടെ നീക്കം. ഇതിനിടെയാണ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിൽ പി.വി.ആറിൽ മലയാള സിനിമകൾ വീണ്ടും പ്രദർശിപ്പിച്ചുതുടങ്ങാനുള്ള തീരുമാനമുണ്ടായത്. കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്.