യുകെയിൽ കുടുംബാംഗങ്ങളുടെ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാന പരിധി 55 ശതമാനത്തിലധികം ഉയർത്തി

0
167

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുകെയിൽ കുടുംബാംഗങ്ങളുടെ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി ഉയർത്തി. വരുമാന പരിധിയിൽ 55 ശതമാനത്തിലധികം വർധന വരുത്തിയിട്ടുണ്ട്. അടുത്ത വർഷത്തോടെ ഇത് 38,700 പൗണ്ടായി ഉയരും. നിലവിൽ 29,000 പൗണ്ടിൽ താഴെ വരുമാനമുള്ളവർക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയില്ല.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ പകുതിയോളം പേരുടേയും മാസവരുമാനം 39,000 പൗണ്ടില്‍ താഴെയാണ്. ബ്രിട്ടണിലേക്ക് കുടിയേറുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര യുവാക്കളില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്ന് വരുന്നവരാണ്. അവരില്‍ വലിയൊരു ശതമാനം പേരും ഉന്നത പഠനത്തിനായാണ് യു കെയിലേക്ക് കുടിയേറുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം യു കെയിലെത്തുന്ന ഡിപ്പെന്റന്റുകള്‍ ആകെ ഡിപ്പന്റന്റുകളുടെ എണ്ണത്തിന്റെ 38 ശതമാനം വരുമെന്നാണ് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. വരുമാനപരിധിയില്‍ വളരെപ്പെട്ടെന്ന് ഇത്രയും വലിയ വ്യത്യാസം വരുന്നത് ഇന്ത്യയില്‍ നിന്ന് യു കെയിലേക്ക് കുടിയേറുന്നവര്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കുടിയേറ്റം കുറയ്ക്കുന്നതിന്റേയും ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റേയും ഭാഗമായാണ് റിഷി സുനകിന്റെ പുതിയ പരിഷ്‌കരണം. ഈ വര്‍ഷം യു കെയില്‍ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്നതിനിടെയാണ് ഈ നടപടികള്‍. 2023 മെയ് മാസത്തില്‍ സ്റ്റുഡന്റ് വിസയിലും യു കെ ഭരണകൂടം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.