ഹെപ്പറ്റെറ്റിസ് എ അഥവാ മഞ്ഞപിത്തം; പ്രതിരോധമാർഗങ്ങൾ എന്തെല്ലാം

0
184

ജലജന്യരോഗമായ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് . മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഹെപ്പറ്റെറ്റിസ് എ പകരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം

പാനീയ ചികിത്സ പ്രധാനം

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ നിർജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്കരോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ ത്തന്നെ പാനീയ ചികിത്സ ആരംഭിക്കണം. ഇതിനായി ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, മോരിൻവെള്ളം തുടങ്ങിയവ നൽകണം .

പ്രതിരോധമാർഗങ്ങൾ

ആഹാര ശുചിത്വം , കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളച്ചവെള്ളത്തിൽ പച്ച വെള്ളം ചേർത്തു കുടിക്കരുത്. പുറത്തുനിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും ഒഴിവാക്കുക. പുറത്തു പോകുമ്പോൾ കയ്യിൽ കുടിവെള്ളം കരുതുക.ആഹാരസാധനങ്ങൾ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്.ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുക.പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം ഉപയോഗിക്കുക.ആഹാരത്തിന് മുൻപും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.കിണർ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക.വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ഈച്ച ശല്യം ഒഴിവാക്കുക.