നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ (70) അന്തരിച്ചു. ഇന്ന് പുലർച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രൻ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടൻ, തിരക്കഥാകൃത്ത്, നാടക സംവിധായകൻ, രചയിതാവ്, സിനിമ സംവിധായകൻ, നിരൂപകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്രൻ.
കേരള സംഗീതനാടക അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ പ്രശസ്തനായത്. എംജി സ്കൂൾ ഓഫ് ലെറ്റ്സേിൽ ദീർഘകാലം അധ്യാപകനായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലും അധ്യാപകനായിരുന്നു.
കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
2012ൽ പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഇവൻ മേഘരൂപൻ നേടിയിരുന്നു.
മോഹൻലാൽ നായകനായ അഗ്നി ദേവനിലൂടെയാണ് സിനിമാ അഭിനയത്തിനു തുടക്കം കുറിക്കുന്നത്. നടൻ, ചാർലി, അന്നയും റസൂലും, അതിരൻ, ബ്യൂട്ടിഫുൾ, കമ്മട്ടിപാടം തുടങ്ങി നാൽപതിലേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വൺ ആണ് അവസാനം പുറത്തുവന്ന ചിത്രം.
ഭാര്യ: ശ്രീലത ചന്ദ്രൻ. മക്കൾ: ശ്രീകാന്ത് ചന്ദ്രൻ, പാർവതി ചന്ദ്രൻ. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വൈക്കത്ത്.