ഇന്ന് നിശബ്ദപ്രചാരണം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

0
25

പരസ്യ പ്രചരണം അവസാനിച്ചതോടെ സംസ്ഥാനത്ത് ഇന്ന് നിശബ്ദപ്രചാരണം.അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ച് വോട്ടുറപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ നാളെ പോളിംഗ് ബൂത്തുകളിൽ എത്തും.

പ്രധാനപ്പെട്ട വ്യക്തികളെ കാണുക, വിവിധ വിഭാഗങ്ങളുടെ വോട്ട് ഉറപ്പുവരുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ സ്ഥാനാർഥികളും സജീവമാകും. സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 8 മണി മുതൽ തുടങ്ങും. കർശന സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.കൊവിഡ് പശ്ചാത്തലം കൂടി പരിഗണിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക്നൽകിക്കഴിഞ്ഞു.അടുത്തമാസം രണ്ടിനാണ് വോട്ടെണ്ണൽ.

ചൊവ്വാഴ്‌ച രാവിലെ ഏഴു മുതൽ രാത്രി‌ ഏഴുവരെയാണ്‌ വോട്ടെടുപ്പ്. മാവോയിസ്‌റ്റ്‌ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് അവസാനിക്കും. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായി ഇത്തരത്തിൽ 298 ബൂത്താണ്‌ തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയത്. ആകെയുള്ള 40,771 ബൂത്തിലായി 2,74,46,039 വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തും. വോട്ടർമാരിൽ 1,32,83,724 പുരുഷന്മാരും 1,41,62,025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡർമാരുമുണ്ട്‌. 140 മണ്ഡലത്തിലായി 957 സ്ഥാനാർഥികളും ജനവിധി തേടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആയിരം വോട്ടർമാരിൽ കൂടുതലുള്ള പോളിങ്‌ സ്‌റ്റേഷനുകളിലെല്ലാം അനുബന്ധ ബൂത്തുകളുണ്ടാകും‌.

ഇത്തരത്തിൽ 15,730 ബൂത്ത്‌‌  അധികമായി ക്രമീകരിച്ചു‌. കാഴ്ചപരിമിതർക്ക്‌ ബ്രെയിൽ സ്ലിപ്പുകൾ വിതരണംചെയ്യും. പ്രത്യേക  മേഖല തിരിച്ച്‌ 59,000 പൊലീസ്‌ ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി നിയോഗിച്ചു. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്‌.