തിരുവനന്തപുരത്ത് യുവാവിനെ കാറിലെത്തിയ സംഘം കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

0
293

തിരുവനന്തപുരം കൊടങ്ങാവിളയിൽ യുവാവിനെ കാറിലെത്തിയ സംഘം കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഒന്നാം പ്രതി ജിബിൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ആദിത്യന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഊരൂട്ടുകാല സ്വദേശി ആദിത്യൻ(23) ആണ് കൊല്ലപ്പെട്ടത്. ഒന്നാം പ്രതി വെൺപകൽ പട്ട്യക്കാല പട്ട്യക്കാലപുത്തൻവീട് ജെ.എസ്. ഭവനിൽ ജെ.എസ്. ജിബിൻ(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം കണ്ണറവിളയിൽ മനോജ്(19), ചൊവ്വര ചപ്പാത്ത് ബഥേൽ ഭവനിൽ അഭിജിത്ത്(18), കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി പ്ലാവിളപുത്തൻവീട്ടിൽ രഞ്ജിത്(23) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ജിബിൻ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുൻപ് ജയിൽ മോചിതനായതെയുള്ളൂ.

ബുധനാഴ്ച രാത്രി എട്ടു മണിയോടെ കൊടങ്ങാവിള കവലയ്ക്ക് സമീപംവെച്ചാണ് ആദിത്യൻ കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് നൽകുന്ന വിവരമിങ്ങനെയാണ്. ആദിത്യൻ നേരത്തെ പട്ട്യക്കാലയ്ക്ക് സമീപം പപ്പടക്കടയിൽ ജോലി നോക്കിയിരുന്നു. ഇവിടെവെച്ച് ആദിത്യന് ജിബിനുമായി പരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു.

അമരവിളയിലെ സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യൻ ബൈക്കിന്റെ രേഖകൾ കൈമാറി പണം വാങ്ങിയിരുന്നു. ഈ പണമിടപാട് സംബന്ധിച്ച് ആദിത്യനും, ജിബിനുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ ജിബിനും സുഹൃത്തുക്കളും ആദിത്യനെ മർദ്ദിച്ചു. ഇതിന് ശേഷം ജിബിൻ അമ്മയെ കൊണ്ട് ഒരു പരാതി നെയ്യാറ്റിൻകര പോലീസിൽ നൽകി. ഈ വിഷയത്തിൽ നെയ്യാറ്റിൻകര പോലീസിൽ ആദിത്യൻ ഹാജരായെങ്കിലും പരാതിപ്പെട്ടവർ എത്തിയില്ല.

ഇതിന് ശേഷമാണ് ജിബിൻ കാര്യങ്ങൾ പറഞ്ഞുതീർക്കാമെന്ന് ആദിത്യനെ ഫോൺവിളിച്ചറിയിച്ചത്. ജിബിനെ കാണാൻ ബൈക്കിലെത്തുമ്പോഴാണ് കൊടങ്ങാവിളവെച്ച് അക്രമിസംഘം മർദ്ദിച്ചും കുത്തിയും ആദിത്യനെ കൊലപ്പെടുത്തിയത്. ആദിത്യന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. അറസ്റ്റിലായ പ്രതികളുമായി പോലീസ് കൊടങ്ങാവിളയിലെത്തി തെളിവെടുത്തു.

അക്രമിസംഘം വാടകയ്ക്ക് എടുത്ത് സഞ്ചരിച്ച കാറിന്റെ ഉടമയായ ഓലത്താന്നി കടവട്ടാരം പാതിരിശേരി വീട്ടിൽ അച്ചു, കേസിൽ പ്രതിയാകുമെന്ന ആശങ്കയിൽ അച്ഛൻ ജീവനൊടുക്കി. അച്ചുവിന്റെ അച്ഛൻ സുരേശനാണ്(64) മകൻ കേസിൽ പ്രതിയാകുമെന്നറിഞ്ഞ്‌ ജീവനൊടുക്കിയത്. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പുറകിലെ ഷെഡിൽ വ്യാഴാഴ്ച പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുരേശന്റെ ഭാര്യ:അജിത. മീനു മകളാണ്. സുരേശന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അച്ചുവിന്റെ കാർ പ്രതികൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഈ സംഭവത്തിൽ അച്ചുവിനെ പോലീസ് പ്രതി ചേർത്തിട്ടില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.