തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു; കേസിൽ നേരിട്ട് ഹാജരാകാൻ ബാബാ രാംദേവിനോട് സുപ്രീം കോടതി

0
194

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകാൻ സ്വയം പ്രഖ്യാപിത യോഗാ ഗുരു ബാബാ രാംദേവിനോട് സുപ്രീം കോടതി.

ജസ്റ്റിസ് ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ബാബാ രാംദേവിനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചതിനെതിരെ പ്രതികരണം അറിയിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

പതഞ്ജലി ആയുർവ്വേദിൻ്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോട് രണ്ടാഴ്ചയ്ക്ക് ശേഷം അടുത്ത വാദം കേൾക്കുന്നതിനായി ബാബാ രാംദേവിനൊപ്പം കോടതി മുറിയിൽ ഹാജരാകാനും ബെഞ്ച് നിർദ്ദേശിച്ചു.

കഴിഞ്ഞ ഫെബ്രുവരി 27ന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ബാലകൃഷ്‌ണ മറുപടി നൽകിയില്ലെന്നറിഞ്ഞതിനെ തുടർന്നാണ് കോടതി നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്. പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി മറുപടി നൽകാത്തതിന് നൽകിയ വിശദീകരണം ബെഞ്ച് തള്ളി.

2023 നവംബർ 21 ന്, അമിതവണ്ണം, രക്തം തുടങ്ങിയ രോഗങ്ങൾക്ക് ശാശ്വത ആശ്വാസം എന്ന പേരിൽ ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിൽ നിന്നും മുദ്രകുത്തുന്നതിൽ നിന്നും വിട്ടുനിൽക്കുമെന്ന് സുപ്രീം കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചതിന് തുടർന്ന് ഫെബ്രുവരി 27നാണ് പതഞ്ജലിക്കും ബാലകൃഷ്ണയ്ക്കും ബെഞ്ച് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.