വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടാനാണ് വിജിലൻസിന്റെ ശ്രമം. മിന്നല്‍ പരിശോധനയിലൂടെയായിരിക്കും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക. പരിപാടിയുടെ ഭാഗമായി കല്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലായി വിജിലൻസ് സംഘം പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 17 വാഹനങ്ങളിൽനിന്നായി ഏഴുലക്ഷംരൂപ പിഴയീടാക്കി.
സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ പരിശോധന നടത്താനാണ് വിജിലൻസിന്റെ തീരുമാനം. രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും. കൂടാതെ പരിശോധനയിൽ മതിയായ ചരക്കുസേവനനികുതി അടയ്ക്കാതെയും ജിയോളജി പാസില്ലാതെ ക്വാറി ഉത്പന്നങ്ങൾ കൊണ്ടുവരുന്നതായും വിജിലൻസ് സംഘം കണ്ടെത്തി.
മുൻപും ഇത്തരത്തിൽ വിജിലൻസ് ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടി നടത്തിയിട്ടുണ്ട്. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ മാത്രമല്ല, ജിഎസ്ടി വെട്ടിപ്പ് നടത്തിയ വാഹനങ്ങളും ഇത്തരത്തില്‍ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. നിയമലംഘനം കണ്ടെത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും. കൂടാതെ അമിതഭാരം കയറ്റി പോകുന്നതിനായി വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടോ എന്നും വിജിലൻസ് പരിശോധിക്കും.