കോൺ​ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി ; ‘എല്ലിൻ കഷ്ണം ഇട്ടാൽ അതിനു പിറകെ ഓടുന്ന സൈസ് ജീവികളാണ് കോൺഗ്രസിൽ’

ബിജെപിയിൽ വിലപേശൽ നടക്കുകയാണ്. ഇതിൽ വിലയുറപ്പിച്ചവരുമുണ്ട്. പറ്റിയ സമയത്ത് മാറാമെന്ന് വാഗ്ദാനം ചെയ്തവരുമുണ്ട്

0
71

കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനെയാകെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയാണ്. എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെ കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുകയാണ്. കോൺഗ്രസുകാർ ജയിച്ചാൽ കോൺഗ്രസായി നിൽക്കുമോ. ആർക്കെങ്കിലും അതിന് ഗ്യാരണ്ടി പറയാൻ കഴിയുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ബിജെപിയിൽ വിലപേശൽ നടക്കുകയാണ്. ഇതിൽ വിലയുറപ്പിച്ചവരുമുണ്ട്. പറ്റിയ സമയത്ത് മാറാമെന്ന് വാഗ്ദാനം ചെയ്തവരുമുണ്ട്. ഒരു കോൺഗ്രസുകാരനെ എങ്ങനെയാണ് വിശ്വസിച്ച് വിജയിപ്പിക്കുക. വേണ്ടി വന്നാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ആളെ മറന്നോ എന്നും സുധാകരനെ ഉന്നമിട്ട് മുഖ്യമന്ത്രി ചോദിച്ചു.

കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാർ ബിജെപിയിലാണ്. ഇനിയും എത്രയോ പേർ നിരന്നു നിൽന്നു. ബിജെപി രണ്ട് കയ്യും നീട്ടി സ്വീകരിക്കാനും നിൽക്കുന്നു. കോൺഗ്രസുകാർക്ക് ആവശ്യത്തിന് പണം, സ്ഥാനം എന്നിവ റെഡിയാണ്. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ്‌ മാറിയെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.