പരാതി പിൻവലിക്കാൻ സമ്മർദ്ദം; യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

0
134

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് പരാതി പിൻവലിക്കാനുള്ള സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ഹാമിർപൂരിലെ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കാൺപൂരിലെ ഘതംപൂർ പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് കസിൻ സഹോദരിമാർ പീഡനത്തിനിരയായത്. തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടികളിലൊരാളുടെ പിതാവും ജീവനൊടുക്കിയത്. ബുധനാഴ്ച വൈകിട്ടാണ് വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ 45 കാരൻ്റെ മൃതദേഹം കണ്ടെത്തിയത്.

നേരത്തെ പീഡന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ, പരാതി പിൻവലിക്കാൻ ഇഷ്ടിക ചൂള നടത്തിപ്പുകാരൻ കുടുംബത്തെ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.