പത്മജ ചെയ്തത് ചതി;അച്ഛന്റെ ആത്മാവ് ഇത് പൊറുക്കില്ല : കെ മുരളീധരൻ

0
153

ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛന്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും കെ മുരളീധരൻ എംപി. പത്മജ പോയതുകൊണ്ട് കോൺ​ഗ്രസിന് നഷ്ടമൊന്നും ഉണ്ടാകില്ല. ബിജെപിക്ക് പത്മജയെകൊണ്ട് കാൽകാശിന് ഗുണമുണ്ടാകില്ലെന്നും ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കുമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പത്മജയെ അവണിച്ചിട്ടില്ല. വർക്ക് അറ്റ് ഹോം ആയിരിക്കുന്ന ആൾക്ക് ഇതിൽപരം എന്ത് പരിഗണനയാണ് കൊടുക്കുകയെന്നും മുരളീധരൻ ചോദിച്ചു.

കെ കരുണാകരൻ അരു കാലത്തും വർ​ഗീയതയോട് സന്ധിചെയ്തിട്ടില്ല. അച്ഛൻ അന്തിയുറങ്ങുന്ന മണ്ണിൽ സംഘികളെ കേറി നിരങ്ങാൻ അനുവദിക്കില്ല. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ 20 മണ്ഡലങ്ങളിലും ജയിക്കാൻ തീവ്രമായി ശ്രമിക്കുന്നതിനിടെയാണ് പത്മജയുടെ ഭാ​ഗത്തുനിന്നും ഇത്തരമൊരു തീരുമാനമുണ്ടായത്. മത്സരിച്ച ഇടങ്ങളിൽ കാലുവാരി എന്നിങ്ങനെയൊക്കെ പത്മജ പറഞ്ഞതായി ചില മാധ്യമങ്ങളിൽ കണ്ടു. കോൺ​ഗ്രസ് മുന്തിയ പരിഗണന തന്നെയാണ് എല്ലാ കാലത്തും പത്മജയ്ക്ക് കൊടുത്തിട്ടുള്ളത്. 2011ൽ വട്ടിയൂർക്കാവിലും വടകരയിലും മികച്ച ഭൂരിപക്ഷത്തിൽ താൻ വിജയിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ്.

തൃശൂരിൽ കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലും പത്മജയ്ക്ക് പാർടി സീറ്റ് നൽകി. ചിലരൊക്കെ കാലുവാരി എന്ന് പറയുമ്പോൾ അങ്ങനെ ചിലർ കാലുവാരിയാൽ തോൽക്കുന്നതാണോ ഇലക്ഷൻ എന്ന് കൂടി ആലോചിക്കണം. തന്നെയും ഒരുപാട് പേർ ഇത്തരത്തിൽ കാലുവാരിയിട്ടുണ്ടെന്നും താൻ പക്ഷേ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പത്മജ പറഞ്ഞ ഒരു കാരണത്തിനും അടിസ്ഥാനമില്ല. ഇത്രയൊക്കെ വളർത്തി വലുതാക്കിയ പാർടിയാണ് കോൺ​ഗ്രസ്. ഒരു ഘട്ടത്തിൽ കോൺഗ്രസ് വിടാൻ താൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് പോലും ബിജെപിയിൽ ചേരുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.