തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പുലർച്ചെ കുടുംബ വീട്ടിലെത്തിയ അശോകൻ ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശേഷം തീ കൊളുത്തുകയായിരുന്നു. ലീലയ്ക്ക് 70% ത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് നിഗമനം.
മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അശോകനെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ലീല തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.