കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്‍റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സത്യനാഥൻ തന്നെ മന:പ്പൂർവം അവഗണിച്ചെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തന്നെ ഒതുക്കിയതും പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചിരുന്നു. നേതാക്കൾക്ക് സംരക്ഷകനായി നിന്ന തനിക്ക് മറ്റ് പാർട്ടിക്കാരിൽ നിന്ന് മർദ്ദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തിയെന്നും പ്രതിയുടെ മൊഴി. അവഗണന സഹിക്കാൻ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയതെന്നും റിപോർട്ടിൽ പറയുന്നു.
റിമാന്‍ഡ് റിപ്പോർട്ടിലാണ് അഭിലാഷിന്‍റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അഭിലാഷ് കൊല നടത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗൾഫിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊവിഡിന് ശേഷം ഒന്നരക്കൊല്ലം ഗൾഫിലായിരുന്നു. അവിടുന്ന് വരുമ്പോൾ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് മൊഴി നൽകി.
അഭിലാഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ് സുകുമാറിനാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഉത്സവത്തിന് സത്യനാഥൻ കുടുംബസമേതം എത്തിയിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട അഭിലാഷ് പിന്നീട് കൊയിലാണ്ടി പൊലീസിൽ കീഴടങ്ങി.