‘കടമെടുപ്പ് ചർച്ച പരാജയം’ ; കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലെന്ന് ധനമന്ത്രി

0
151

ദില്ലി : കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. പ്രധാനപ്പെട്ട പല കാര്യങ്ങളിലും പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്.

കേരളം കേസ് കൊടുത്തതില്‍ കേന്ദ്രത്തിന് അതൃപ്തിയെന്ന് ധനമന്ത്രി പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ വിചാരിച്ച പുരോഗതിയുണ്ടായില്ല. ന്യായമായി ലഭിക്കേണ്ട കാര്യങ്ങളില്‍ പോലും അനുകൂല തീരുമാനമുണ്ടായില്ല. നാളെ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.

കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടി. കേസ് സുപ്രീം കോടതിയിൽ നിൽക്കുകയാണ്. കേസ് കൊടുത്തതിൽ കേന്ദ്രത്തിന് ഈഗോ പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ല. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഇനി എന്ത് നിലപാട് അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണെന്നും ധനമന്ത്രി പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി സുപ്രിംകോടതിയാണ് ചര്‍ച്ചയുടെ വഴിതുറന്നത്. കേരളം പ്രതീക്ഷയോടെ ഉറ്റു നോക്കിയ ചര്‍ച്ച വേണ്ടത്ര ഫലം കാണാതെയാണ് ഇന്ന് അവസാനിച്ചത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും വരെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള ശ്രമം തുടരാനാണ് കേരളത്തിന്റെ നീക്കം.

ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ദില്ലിയിൽ ചർച്ച നടത്തിയത്. ചർച്ചയിൽ ധന മന്ത്രി നിർമല സീതാരാമൻ പങ്കെടുത്തില്ല. ധനകാര്യ സെക്രട്ടറി , സോളിസിറ്റർ ജനറൽ ഉൾപ്പെടെ ചർച്ചയിൽ കേന്ദ്രത്തിനായി പങ്കെടുത്തു.