കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഫെബ്രുവരി 5 വരെയാണ് തടഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി പാടില്ലെന്നാണ് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അഡ്വക്കേറ്റ് ബി എ ആളൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യ ഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജനുവരി 31 ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓഫീസിലെത്തിയ യുവതിയെ തന്റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപടിച്ചെന്നാണ് യുവതിയുടെ പരാതി. സ്വദേശിയായ യുവതിയുടെ പരാതിയിൽ ഇന്നലെയാണ് സെൻട്രൽ പോലീസ് കേസെടുത്തത്. അതേസമയം, വക്കീൽ ഫീസ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്ന് ആളൂർ കോടതിയെ അറിയിച്ചു. യുവതിയുടെ കേസിൽ തന്‍റെ ജൂനിയർ അഭിഭാഷകരെ നേരിട്ട് ഇടപെടിക്കുന്നതിൽ പരാതിക്കാരിയായ യുവതിയുമായി തനിക്ക് ചില തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ വിരോധമാകാം പരാതിയ്ക്ക് പിറകിലെന്നും ആളൂർ പറഞ്ഞു.
കേസിന്‍റെ കാര്യം സംസാരിക്കാൻ ഓഫീസിന്‍റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം. തന്‍റെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഫീസ് ആളൂർ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചാൽ മതിയെന്നും ഫീസ് വേണ്ടെന്നും പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.