വിഷ രഹിത പച്ചക്കറികള്‍ വാങ്ങാം; കുടുംബശ്രീ അഗ്രികിയോസ്‌കുകളിലൂടെ

കേരളത്തില്‍ ഉടനീളം 100 കുടുംബശ്രീ അഗ്രി കിയോസ്‌കുകളാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനസജ്ജമാകുന്നത്.

0
158
തിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ വാങ്ങാം. എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ‘നേച്ചര്‍സ് ഫ്രഷ്’ എന്ന പേരില്‍ കിയോസ്‌ക് കള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കല്‍, പോരൂര്‍, നന്നമുക്ക്, എടപ്പാള്‍, കുറ്റിപ്പുറം, ഊരകം ഗ്രാമപഞ്ചായത്തുകളിലാണ് കിയോസ്‌ക് പ്രവര്‍ത്തിക്കുക.
വള്ളിക്കുന്ന്, തിരുന്നാവായ എന്നീ സിഡിഎസുകളിലെ കിയോസ്‌കുകള്‍ ഇന്ന് (ജനുവരി 25) ഉദ്ഘാടനം ചെയ്യും. ശേഷിച്ചവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കിയോസ്‌ക് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന എല്ലാ കുടുംബശ്രീ സംരംഭകര്‍ക്കും  ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്  കിയോസ്‌കുളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
കേരളത്തില്‍ ഉടനീളം 100 കുടുംബശ്രീ അഗ്രി കിയോസ്‌കുകളാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനസജ്ജമാകുന്നത്. കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ വിളയിക്കുന്ന പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍,  കുടുംബശ്രീ കര്‍ഷകരില്‍ നിന്ന് പാല്‍, മുട്ട ഇവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, മറ്റു കുടുംബശ്രീ ഉല്പന്നങ്ങള്‍ എന്നിവ കിയോസ്‌ക് വഴി ലഭിക്കും.
ജില്ലയില്‍ 15 ബ്ലോക്കുകളിലായി പ്രവര്‍ത്തിക്കുന്ന 5599 കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്തില്‍ 961.52 ഹെക്ടറിലാണ് കൃഷി നടക്കുന്നത്.   കിയോസ്‌കിന്റെ നിര്‍മാണം മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി രണ്ടു ലക്ഷം രൂപയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കുക. അതത് കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് പ്രവര്‍ത്തനച്ചുമതല. കിയോസ്‌ക് നടത്തിപ്പിന് സിഡിഎസുകളില്‍ നിന്ന് നിയമിക്കുന്ന റിസോഴ്‌സസ് പേഴ്സണ്‍മാര്‍ക്ക് 3600രൂപ മാസ വേതനത്തിനു പുറമെ പ്രതിമാസ വിറ്റു വരവിന്റെ മൂന്ന് ശതമാനവും ലഭ്യമാക്കും.