ജീവിക്കാനുള്ള കരുത്ത് നേടലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം; മന്ത്രി കെ. രാധാകൃഷ്ണൻ

ശാസ്ത്രീയവും യുക്തിപരവുമായ ചിന്തകളാകണം ഉണ്ടാവേണ്ടത്. വിദ്യാഭ്യാസം വലിയ കരുത്താകണം.

0
65

തിരുവനന്തപുരം: ജീവിതത്തെ നേരിടാനുള്ള കരുത്ത് നേടുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതുന്ന ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള മൂന്നു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിൽ നടപ്പാക്കുന്ന സമേതം സമഗ്രവിദ്യാഭ്യാസ പരിപാടി വ്യത്യസ്ത മേഖലകളിൽ ഇടപെടുന്നുണ്ടെന്നും അതിന്റെ ഗുണം ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ ക്ലാസ്സോടെയായിരുന്നു ക്യാമ്പിൻ്റെ തുടക്കം. ജീവിതത്തിൽ എത്തിപ്പിടിക്കാവുന്ന ഏറ്റവും ഉയരത്തിൽ എത്താൻ കുട്ടികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയവും യുക്തിപരവുമായ ചിന്തകളാകണം ഉണ്ടാവേണ്ടത്. നാടിന് വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മാഷും കുട്ട്യോളും എന്ന് പേരിട്ട പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് മാഷ് മറുപടി പറഞ്ഞു.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (ശനി) രാവിലെ 9 ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഎസ് പ്രിൻസ് നിർവ്വഹിക്കും. ജില്ലാ കളക്ടർ മുഖ്യാതിഥിയാകും. ജനുവരി 28 ന് ഉച്ചയ്ക്ക് 2 മണിക്ക് ക്യാമ്പ് സമാപിക്കും. സമാപനസമ്മേളനം, പട്ടികജാതി – പട്ടികവർഗ്ഗ കമ്മീഷൻ അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനാകും. കില ഡയറക്ടർ ജോയ് ഇളമൺ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും.