Thursday
18 December 2025
22.8 C
Kerala
HomeKerala45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നാളെമുതൽ

45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നാളെമുതൽ

സംസ്ഥാനത്ത് 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ ഏപ്രിൽ ഒന്ന് മുതൽ നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തിൽപെട്ടവർക്ക് ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്സിൻ സ്വീകരിക്കാവുന്നതാണ്.

തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്ത് വാക്സിനെടുക്കാൻ എത്തുന്നതാണ് നല്ലത്. 45 വയസ് കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്.

45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 45 ദിവസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകുന്നതിനായി വരും ദിവസങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതാണ്.

കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവടങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വാക്സിനുകൾ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 9,51,500 ഡോസ് വാക്സിനുകൾ കൂടി എത്തുന്നതാണ്. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്സിനുകളും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്സിനുകളും എത്തുമെന്നാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്സിനുകൾ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 60 വയസിന് മുകളിൽ പ്രായമുളളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിവർക്കാണ് കോവിഡ് വാക്സിൻ ഇതുവരെ നൽകിയിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്സിനാണ് ആകെ നൽകിയത്. ആരോഗ്യ പ്രവർത്തകരിൽ 4,84,411 ആദ്യഡോസ് വാക്സിനും 3,15,226 രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളിൽ 1,09,670 പേർ ആദ്യ ഡോസും 69230 പേർ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ 3,22,548 പേർ ആദ്യ ഡോസും 12,123 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിവരിൽ നിന്നും 21,88,287 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

 

RELATED ARTICLES

Most Popular

Recent Comments