കണ്ണൂ‌ർ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളം തെറ്റിയ സംഭവം ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സിഗ്നൽ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

0
167

കണ്ണൂർ: ഷണ്ടിങ്ങിനിടെ കണ്ണൂർ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, പോയിന്റ്സ്മാൻമാരായ കെ സുനിത, കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സിഗ്നൽ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

ശനിയാഴ്‌ച രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ഇന്നലെ പുളർച്ചയോടെയാണ് കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. 4.40ഓടെയാണ് അവസാനത്തെ രണ്ട് ബോഗികളിൽ പാളം തെറ്റിയത്. ശേഷം മറ്റ് ഭാഗങ്ങളെല്ലാം ട്രാക്കിൽ എത്തിച്ച് ഒന്നര മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്നല്‍ ബോക്സ് ഉള്‍പ്പെടെ തകര്‍ന്നു.

പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാല്‍ തന്നെ ട്രെയിന്‍ സര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ല. ഈ രണ്ട് ബോഗികളും വേര്‍പ്പെടുത്തിയശേഷമാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്. യാത്രക്കാർ കയറുന്നതിനു മുമ്പ് ആയതിനാൽ വലിയ അപകടമാണ് ഒഴിവായത്.