തിരുവനന്തപുരം: ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ചു. പൊതുവിതരണവുമായി ബന്ധപ്പെട്ടു സാധാരണക്കാരായ ജനങ്ങളുടെ പരാതികളും നിർദേശങ്ങളും കേൾക്കുന്നതിനും അടിയന്തര പരിഹാരം കാണുന്നതിനുമായാണ് എല്ലാ മാസവും ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നത്.
ഡിസംബറിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 19 പരാതികളാണു ലഭിച്ചത്. ഇതിൽ 15 എണ്ണം മുൻഗണനാ റേഷൻ കാർഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. റേഷൻ വിതരണവുമായി ബന്ധപ്പെട്ടും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ചുമുള്ള പരാതികളും ലഭിച്ചിരുന്നു. ഇവ അടിയന്തരമായി പരിഹരിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശങ്ങൾ നൽകി.
ഇന്നലെ നടന്ന ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതികളും അടിയന്തരമായി പരിശോധിച്ചു തുടർ നടപടികൾക്കു ബന്ധപ്പെട്ട വിഭാഗങ്ങൾക്കു കൈമാറും.
ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഫോൺ ഇൻ പരിപാടിയിൽ എല്ലാ മാസവും ഏകദേശം മുപ്പതോളം പരാതികൾ മന്ത്രി നേരിട്ടു കേൾക്കുന്നുണ്ട്. നിശ്ചിത സമയത്തിനകം മന്ത്രിയുമായി നേരിട്ടു സംസാരിക്കാൻ കഴിയാത്തവർക്കു പരാതികളും നിർദേശങ്ങളും അറിയിക്കുന്നതിനായി 24 മണിക്കൂറും പരാതി പരിഹാര സെല്ലും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾക്കു പ്രതിദിനം പരിഹാരം കാണുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.