എം ആർ പി വില 49 രൂപ, ഈടാക്കുന്നത് 80: സിഗരറ്റ് വിലയിൽ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ 1,67,000 രൂപ പിഴയീടാക്കി സംസ്ഥാനം

ഒരിക്കൽ പ്രിന്റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വിൽക്കുവാനോ പാടില്ല. എന്നാൽ കാശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമ്മിച്ച കുറഞ്ഞ എം ആർ പി യിൽ പായ്ക്ക് ചെയ്ത വിൽസ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിൽ ആണ് ഇത്തരത്തിൽ ഉയർന്ന എം ആർ പി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്.

0
54

തിരുവനന്തപുരം: സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം ആർ പി രേഖപ്പെടുത്തി കേരളത്തിൽ വ്യാപകമായി വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മന്ത്രി ജി ആർ അനിൽ നിർദേശം നൽകിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരം ഒരിക്കൽ പ്രിന്റ് ചെയ്ത വില മാറ്റുവാനോ കൂടിയ വിലയ്ക്ക് വിൽക്കുവാനോ പാടില്ല. എന്നാൽ കാശ്മീർ പോലെയുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമ്മിച്ച കുറഞ്ഞ എം ആർ പി യിൽ പായ്ക്ക് ചെയ്ത വിൽസ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിൽ ആണ് ഇത്തരത്തിൽ ഉയർന്ന എം ആർ പി സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിൽ വ്യാപകമായി വില്പന നടത്തുന്നതായി കണ്ടെത്തിയത്.

ജനുവരി 9-ന് സംസ്ഥാന വ്യാപകമായി 257 സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി 49 രൂപ എം.ആർ.പി. ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകൾ കണ്ടെടുത്തു. 1,67,000 രൂപ പിഴയീടാക്കി. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.

ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ വിൽസ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമലംഘനം കമ്പനിയുടെ അറിവോടെയല്ലെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കുവാനും മന്ത്രി നിർദേശം നൽകി.