സ്ത്രീകൾക്ക് ആശ്വാസമായി ‘അതിജീവിക’ പദ്ധതി : 146 പേർക്ക് കൂടി ധനസഹായം

0
37

ദുരിതബാധിതരായ സ്ത്രീകൾക്ക് ഇടക്കാലാശ്വാസം നൽകുന്ന ‘അതിജീവിക’ പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2019ൽ ആരംഭിച്ച അതിജീവിക പദ്ധതിക്ക് ആദ്യഘട്ടമായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.

ഇതിൽ ലഭ്യമായ അപേക്ഷകളിൽ നിന്ന് 268 എണ്ണമാണ് ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്വേഷൻ കമ്മിറ്റി സംസ്ഥാനതല സമിതിക്ക് ശുപാർശ ചെയ്തത്. ആദ്യഘട്ടത്തിൽ ലഭ്യമായ 50 ലക്ഷം രൂപയിൽ നിന്നും 122 പേർക്ക് ധനസഹായം അനുവദിച്ചു. ശേഷിക്കുന്ന 146 പേർക്കുകൂടി പദ്ധതി പ്രകാരം ധനസഹായം ലഭ്യമാക്കാനാണ് 54 ലക്ഷം രൂപ കൂടി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

കുടുംബനാഥനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബങ്ങളിൽ ഗൃഹനാഥൻ ഗുരുതരമായ അസുഖത്താൽ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോൾ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാൻ ഈ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് അതിജീവിക.

ഭർത്താവിന്റെ അല്ലെങ്കിൽ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒറ്റത്തവണ സഹായം നൽകുന്നതിനാണ് അതിജീവിക പദ്ധതി ലക്ഷ്യമിടുന്നത്. ഒരു കുടുംബത്തിന് പരമാവധി 50,000 രൂപയായിരിക്കും ഇടക്കാലാശ്വാസമായി ലഭിക്കുക.