നാഴികക്ക് നാൽപത് വട്ടം പത്രസമ്മേളനം നടത്താറുള്ള ലീഗിലെ യുവ സിങ്കങ്ങൾ ഏത് മാളത്തിലാണ് ഓടി ഒളിച്ചിരിക്കുന്നത്? : കെടി ജലീൽ

0
107

കത്വയിലെയും ഉന്നാവോയിലെയും പെൺകുട്ടികളുടെ കുടുംബങ്ങൾക്കായി യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയതിൽ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന് പകൽ വെളിച്ചം പോലെ വ്യക്തമായിരിക്കുന്നുവെന്ന് മന്ത്രി കെടി ജലീൽ. മലപ്പുറം ജില്ലയിൽ നിന്നും ഗൾഫിൽ നിന്നും ഇതിലേക്കായി പിരിവ് നടന്നിട്ടില്ലെന്ന പച്ചക്കള്ളവും യൂത്ത്‌ലീഗ് നേതാക്കൾ തട്ടിവിട്ടിരിക്കുകയാണ്. ഒരു പ്രത്യേക ആവശ്യത്തിന് ധനസമാഹരണം നടത്തുമ്പോൾ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന സാമാന്യ തത്വം പോലും ലംഘിക്കപ്പെട്ടത്, തട്ടിപ്പ് മുൻകൂട്ടി പദ്ധതിയിട്ടതിന്റെ തെളിവല്ലാതെ മറ്റെന്താണ്?; ജലീൽ ചോദിച്ചു

കത്വയിലെ പെൺകുട്ടിയുടെ മാതാവിനും പിതാവിനും നൽകിയെന്ന് യൂത്ത് ലീഗ് അവകാശപ്പെടുന്ന സഹായം ഒരു ചെറിയ വാർത്തപോലുമാക്കാതെ അതീവ രഹസ്യമായി നടത്താൻ മാത്രമുള്ള ശുദ്ധാത്മാക്കളാണോ ലീഗും യൂത്ത് ലീഗും?. പത്ത് പൈസ സഹായം നൽകിയാൽ കൊക്കിപ്പാറി നടന്ന് ഫോട്ടോ എടുത്ത് ചന്ദ്രികയുടെ മുൻപേജിൽ കൊടുക്കുന്നത് ശീലമാക്കിയ ‘പരസ്യ മാനിയക്കാർ’ ഇത്ര ശുദ്ധാത്മാക്കളായത് എന്ന് മുതൽക്കാണ്?. അപ്പോൾ ഉന്നാവോയിലെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് ഒരു ചില്ലിപ്പൈസയും കൊടുത്തില്ലേ? .

14 ലക്ഷം കയ്യിലുണ്ടായിരുന്നിട്ടും എന്തേ അവരെ അവഗണിച്ചു?. ഏതു ബാങ്കിലാണ് ബാക്കിയുള്ള ലക്ഷങ്ങൾ ഒരു കേടുപാടും പറ്റാതെ വിശ്രമിക്കുന്നത്?, അതല്ല ആ പണം മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് വിനിയോഗിച്ചോ?.നാഴികക്ക് നാൽപത് വട്ടം പത്രസമ്മേളനം നടത്താറുള്ള ലീഗിലെ യുവ സിങ്കങ്ങൾ ഏത് മാളത്തിലാണ് ഓടി ഒളിച്ചിരിക്കുന്നത്?. പേരിന് ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഫണ്ട് മുക്കലുമായി ബന്ധപ്പെട്ട് ഇടാതെ ലീഗ് നേതാക്കൾ ഒളിച്ചുകളി നടത്തുന്നത് തികഞ്ഞ കുറ്റബോധം കൊണ്ടല്ലേ?. കത്വയിലും ഉന്നാവോയിലും പൈശാചികമാംവിധം ബലാൽസംഗത്തിനിരയായി കൊലചെയ്യപ്പെട്ട കുട്ടികളോട് കാപാലികരായ നരാധമൻമാർ ചെയ്തതിനേക്കാൾ വലിയ ക്രൂരതയല്ലേ യൂത്ത്‌ലീഗിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ചെയ്തത്?.

കേസ് നടത്താൻ ഏതു വക്കീലിനാണ് ലക്ഷങ്ങൾ കൊടുത്തത്? ,എന്നാണ് നൽകിയത്?, ഏത് ബാങ്ക് മുഖേനയാണ് ട്രാൻസ്ഫർ ചെയ്തത്?. ചെക്കായിട്ടാണ് കൊടുത്തതെങ്കിൽ ചെക്ക് നമ്പർ എത്രയാണ്?, കത്വയിലെ ബാലികയുടെ മാതാവിനും പിതാവിനും നൽകി എന്ന് പറയപ്പെടുന്ന പണം നേരിട്ടാണോ ബാങ്ക് മുഖേനയാണോ കൈമാറിയത്?. ഉത്തരം ഇനിയും കിട്ടേണ്ട നിരവധി ചോദ്യങ്ങളുടെ മറുപടി മൗനത്തിലൊതുക്കി രക്ഷപ്പെടാമെന്ന് ലീഗും യൂത്ത്‌ലീഗും കരുതേണ്ട.

പള്ളികളിൽ നിന്ന് ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് പുറത്തേക്ക് വന്ന വിശ്വാസികളിൽനിന്ന് പിരിച്ച പണത്തിന്റെ കണക്ക് ലീഗും യൂത്ത് ലീഗും തമ്മിൽ ചായ കുടിച്ച് പറഞ്ഞ് തീർക്കേണ്ടതല്ല. ആ കണക്ക് നാട്ടുകാരോട് പറഞ്ഞേ പറ്റൂ. കുറ്റക്കാരെ സംരക്ഷിക്കാനാണ് ലീഗിന്റെ ഭാവമെങ്കിൽ 2006 ഒരു വിളിപ്പാടകലെയാണെന്നേ ഓർമ്മപ്പെടുത്താനുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഒരു സമഗ്രാന്വേഷണം നടത്തിയേ മതിയാവൂ. അല്ലെങ്കിൽ ഈ കാട്ടുകള്ളൻമാർ പിരിക്കലും മുക്കലും നിർബാധം തുടരും. അതനുവദിച്ചുകൂട- ജലീൽ വ്യക്തമാക്കി.