സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധിയുള്ളത്.

0
242

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് മകരപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധിയുള്ളത്. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. ഏരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

ജനുവരി 15 നാണ് മകരവിളക്ക് മഹോത്സവം. അന്ന് പുലർച്ചെ 2 മണിക്ക് നടതുറക്കും. മകരസംക്രമ പൂജയും നെയ്യഭിഷേകും 2.46 ന് നടക്കും. അഞ്ച് മണിക്ക് ശേഷം തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടൽ ചടങ്ങ് നടക്കും. വൈകീട്ട് 5.30 ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. കൊടിമര ചുവട്ടിൽ തിരുവാഭരണ പേടകത്തെ 6.15 ന് സ്വീകരിക്കും. 6.30 ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ശേഷം മകരവിളക്ക് – മകരജ്യോതി ദര്‍ശനം .

ജനുവരി 15 ന് വൈകീട്ട് മണിമണ്ഡപത്തിൽ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18-ാം തീയതി വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കാം.19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

19 ന് മണിമണ്‌ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. ജനുവരി 20 ന് രാത്രി 10 മണിക്ക് മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ ഗുരുതി നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവിൽ നടയടക്കും.