കൂടരഞ്ഞിയിൽ കാര്‍ കത്തിനശിച്ചു, ഡ്രൈവിംഗ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ; ആളെ തിരിച്ചറിയാനായി പരിശോധന തുടങ്ങി

കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്

0
108

കോഴിക്കോട്: കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി നശിച്ച നിലയിൽ. തീപിടിച്ച കാറിന് അകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. അര്‍ധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് ആദ്യം കണ്ടത്. പിന്നീട് ഇയാൾ പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. അഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നും പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്. അതേസമയം, മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

മൃതദേഹം ഇദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് അറിയാൻ പരിശോധന ആവശ്യമാണ്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.