കത്തോലിക്കാ പള്ളിയിൽ വാക്കേറ്റം ; തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസ്

153 (A) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്.

0
276

ചെന്നൈ: കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് തമിഴ്നാട് ബിജെപി പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. ധർമപുരി പോലീസാണ് കേസെടുത്തിരിക്കുന്നത്. മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലുണ്ടായ വാക്കേറ്റത്തിലാണ് കേസ്. പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി.

എൻ മൺ എൻ മക്കൾ റാലിക്കിടെ അണ്ണാമലൈ പള്ളി സന്ദർശിക്കാനെത്തിയതായിരുന്നു. ഇതിനിടെ യുവാക്കൾ അണ്ണാമലൈയെ തടയുകയും വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ തടഞ്ഞത്. പതിനായിരം പേരെ കൂട്ടി ധർണ നടത്തിയാൽ എന്ത് ചെയ്യുമെന്ന് അണ്ണാമലൈ തിരിച്ചുചോദിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രകോപിതരായ യുവാക്കളെ നീക്കം ചെയ്യുകയും സംസ്ഥാന ബിജെപി അധ്യക്ഷന് പള്ളിയിൽ പ്രവേശിക്കാനും സൗകര്യമൊരുക്കിയിരുന്നു . 153 (A) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്. വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.