സവാദിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്, തിരിച്ചറിയൽ പരേഡ് ഉടൻ: എൻ ഐ എ

13 വർഷവും കണ്ണൂരിലും കാസർകോടും മാറിമാറി താമസിക്കുകയായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് നിന്ന് വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

0
121

തിരുവനന്തപുരം: കേരളം നടുങ്ങിയ കൈവെട്ടു കേസിലെ മുഖ്യപ്രതി പിടിയിലായതിനു പിന്നാലെ കുരുക്ക് മുറുക്കാൻ എൻ ഐ എ. പ്രൊഫസർ ടി ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിൻ്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാനാണ് എൻഐഎ ഒരുങ്ങുന്നത്. ഇതിനായി എൻഐഎ നീക്കങ്ങൾ തുടങ്ങി. തിരിച്ചറിയൽ പരേഡ് നടത്താനായി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ സംഘം ഉടൻ അപേക്ഷ നൽകും.

തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. തുടരന്വേഷണത്തിൽ സവാദിനെ ഒളിപ്പിക്കുകയും സഹായിക്കുകയും ചെയ്ത നിരവധി പ്രതികൾ പിടിയിലാകുമെന്നാണ് വിവരങ്ങൾ. നിലവിൽ ജനുവരി 24 വരെ സവാദ് റിമാൻഡിലാണ്. പ്രതി ഇപ്പോൾ തടവിൽ കഴിയുന്നത് എറണാകുളം സബ് ജയിലിലാണ്.

പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്താനുള്ള ഒരുക്കങ്ങളും എൻഐഎ ആരംഭിച്ചു. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരാനാണ് എൻഐഎ ലക്ഷ്യമിടുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നാണ് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതും.

13 വർഷവും കണ്ണൂരിലും കാസർകോടും മാറിമാറി താമസിക്കുകയായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് നിന്ന് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സവാദിൻ്റെ ഭാര്യാ പിതാവ് കാസർകോട്ടെ എസ്‌ഡിപിഐ പ്രവർത്തകനാണ്. ഒന്നര വർഷം മുമ്പാണ് ബേരത്ത് എത്തിയത്. ഇവിടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു താമസം. ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് മരപ്പണി പഠിച്ചെടുക്കുകയും തുടർന്ന് മരപ്പണി ജോലി ചെയ്തു കഴിഞ്ഞു വരികയുമായിരുന്നു സവാദ്.