പമ്പയിലേയ്ക്കുള്ള കെ എസ് ആർ ടി സി സർവ്വീസുകൾ ഇങ്ങനെ! റെയിൽവെ സ്റ്റേഷനിൽ നിന്നും ഇനി സുഖ യാത്ര

വിവിധ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം എത്തുന്ന അയ്യപ്പഭക്തർക്കായി ചെങ്ങന്നൂർ, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് സ്പെഷ്യൽ സർവീസുകളാണ് നടത്തിയത്.

0
174

പത്തനംതിട്ട: ശബരിമല മണ്ഡല മഹോത്സവത്തിന് എത്തുന്ന ഭക്തരെ ലക്ഷ്യമിട്ട് ഇത്തവണ കെഎസ്ആർടിസി ഒരുക്കിയത് വിപുലമായ ക്രമീകരണം. അയ്യപ്പ സന്നിധിയിൽ എത്തിച്ചേരുന്നതിനും ദർശനം ലഭിച്ചു തൊഴുത് മടങ്ങിയ ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്കായി റെയിൽവേ സ്റ്റേഷനുകളിൽ ബസുകൾ മുൻകൂട്ടി ക്രമീകരിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം എത്തുന്ന അയ്യപ്പഭക്തർക്കായി ചെങ്ങന്നൂർ, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് സ്പെഷ്യൽ സർവീസുകളാണ് നടത്തിയത്.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ഭക്തരെ പമ്പയിൽ എത്തിക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ തന്നെ കെഎസ്ആർടിസി ഹെൽപ്പ് ഡെസ്ക്ക് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ചെങ്ങന്നൂർ ബസ് സ്റ്റേഷനിൽ 113 ബസുകളാണ് ഭക്തർക്കായി കരുതിയത്. എല്ലാ സമയത്തും 5 ബസ് വീതം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്താണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഭക്തരുടെ തിരക്കനുസരിച്ച് 82 ബസുകളും എറണാകുളം റെയിൽവേ സ്റ്റേഷനിൽ 62 ബസുകളും ക്രമീകരിച്ചിരുന്നു. പുൽമേട് വഴി അയ്യപ്പ സന്നിധിയിൽ നേരിട്ട് എത്തിച്ചേരുന്ന ഭക്തർക്കായി കുമളിയിൽ നിന്നും സത്രം സർവീസുകളും കെഎസ്ആർടിസി ഒരുക്കി.

മണ്ഡലപൂജ കഴിഞ്ഞ് തിരികെ പോകുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾക്കായി മികവുറ്റ രീതിയിലായിരുന്നു കെഎസ്ആർടിസി പമ്പയിൽ ക്രമീകരണങ്ങൾ ഒരുക്കിയത്. പമ്പിൽ നിന്നും നിലയ്ക്കലിലേക്ക് 105 ലോ ഫ്ലോർ ബസുകളും 45 എസി ബസുകളും 40 ആർടിസി ബസുകളും ഇടതടവില്ലാതെ സർവീസ് നടത്തി.

കൂടാതെ ഭക്തരുടെ ആവശ്യാനുസരണം ദീർഘദൂര സർവീസുകളും പമ്പ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നും സർവീസുകൾ നടത്തിയിരുന്നു. ഈ രീതിയിലുള്ള ക്രമീകരണത്തിന്‍റെ ഭാഗമായി അയ്യപ്പഭക്തർക്ക് യാത്രാ ബുദ്ധിമുട്ടുകൾ ഇല്ലാതെ മണ്ഡലപൂജ കണ്ട് തൊഴുതു മടങ്ങാൻ സാധിച്ചു.