ദില്ലി : സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു . കൊള്ളക്കാർ മുന്നറിയിപ്പിനെ തുടർന്ന് കപ്പൽ വിട്ടു പോയെന്നാണ് നാവിക സേന അറിയിച്ചത്. കപ്പൽ അടുത്ത തീരത്ത് എത്തിക്കാനുള്ള സഹായം നൽകുകയാണെന്നും നാവിക സേന അറിയിച്ചു. പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെയാണ് ഇന്ത്യൻ നാവികസേന മോചിപ്പിച്ചത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു.
സൊമാലിയ തീരത്തിന് അടുത്ത് വെച്ച് ലൈബീരിയൻ പതാകയുള്ള എംവി ലില നോർഫോക്ക് എന്ന ചരക്കു കപ്പലാണ് ഇന്നലെ വൈകിട്ട് അഞ്ചോ ആറോ പേരടങ്ങുന്ന സംഘം റാഞ്ചിയത്. അറബികടലിൽ വച്ച് കപ്പൽ തട്ടിയെടുത്തുവെന്ന സന്ദേശം ബ്രിട്ടീഷ് സൈനിക ഏജൻസിയാണ് ഇന്ത്യൻ നാവിക സേനയ്ക്ക് നല്കിയത്. സോമാലിയന്‍ തീരത്തുനിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ആയുധങ്ങളുമായി കപ്പലിൽ കയറിയ സംഘം കപ്പൽ തട്ടിയെടുത്തുവെന്ന സന്ദേശം നൽകി. എന്നാൽ കപ്പൽ തീരത്തേക്ക് അടുപ്പിച്ചിരുന്നില്ല.
പിന്നീട് ഇന്ത്യന്‍ നാവികസേനയുടെ വിമാനം കടലില്‍ നിരീക്ഷണം നടത്തിയതിന് പിന്നാലെ കപ്പലിന്റെ ചലനദിശ കണ്ടെത്തി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ കപ്പലിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആദ്യം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തിയ നാവികസേന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന് അറിയിച്ചു. പിന്നാലെ രക്ഷാപ്രവര്‍ത്തന ദൗത്യം വിജയകരമാവുകയായിരുന്നു.