സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; 3 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

0
120

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.

അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിക്ക് പുറമേ ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ ഒരു ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.