മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷസേനക്ക് നേരെ ആക്രമണം

കുക്കി മെയ്ത്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ ഇത് ആദ്യമായാണ് മെയ്ത്തെയ് മുസ്ലീം വിഭാഗത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്.

0
269

ഇംഫാൽ: മണിപ്പൂരില്‍ സംഘർഷത്തില്‍ 4 പേര്‍ കൊല്ലപ്പെട്ട ഥൗബലില്‍ അതീവ ജാഗ്രത തുടരുന്നു.മ്യാൻമാർ അതിര്‍ത്തിയിലെ മൊറേയില്‍ ഇന്ന് സുരക്ഷസേനയ്ക് നേരെയും ആക്രമണം നടന്നു. ഏഴ് സുരക്ഷ ഉദ്യോസ്ഥർക്ക് പരിക്കേറ്റെന്നാണ് വിവരം. രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്ര മണിപ്പൂരില്‍ നിന്ന് തുടങ്ങാനിരിക്കെയാണ് സംസ്ഥാനത്ത് സംഘ‍ർഷം വ്യാപകമാകുന്നത്.

ഥൗബലില്‍ മെയ്ത്തെയ് മുസ്ലീങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് ഇന്നലെ ആക്രമണം നടന്നത്. തീവ്ര മെയ്ത്തെയ് വിഭാഗമായ ആരംഭായ് തെങ്കോലാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കുക്കി മെയ്ത്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ ഇത് ആദ്യമായാണ് മെയ്ത്തെയ് മുസ്ലീം വിഭാഗത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. 14 പേർക്ക് പരിക്കേറ്റതില്‍ ചിലരുടെ പരിക്ക് ഗുരതരമാണ്.

ഇന്ന് മ്യാൻമാർ അതിര്‍ത്തിയിലെ മൊറെയില്‍ സുരക്ഷ സേനക്ക് നേരെയും വെടിവെപ്പ് ഉണ്ടായി. ആയുധധാരികളായ സംഘം റോക്കറ്റ് ലോഞ്ചർ ഉള്‍പ്പെടെ സുരക്ഷസേനക്ക് നേരെ പ്രയോഗിച്ചുവെന്നും വിവരമുണ്ട്. ഇതിനിടെ ആരംഭായ് തെങ്കോല്‍ റോക്കറ്റ് ലോഞ്ചറുമായി വാഹനങ്ങളില്‍ പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ദൃശ്യങ്ങൾ എപ്പോഴത്തേതാണെന്നതില്‍ സ്ഥിരീകരണമില്ല.

ഥൗബൽ, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂർ ജില്ലകളിൽ സംഘർഷ സാഹചര്യത്തിൽ കർഫ്യൂ വീണ്ടും ഏർപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരില്‍ നിന്ന് തുടങ്ങാനിരിക്കെയാണ് സംസ്ഥാനത്ത് വീണ്ടും ഏറ്റുമുട്ടലുകള്‍ തുടർച്ചയായി ഉണ്ടാകുന്നത്. സംഘർഷം കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിക്കുന്നത് യാത്രക്ക് തിരിച്ചടിയാകും.