മലയാളി ഉൾപ്പെടെ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തർ ; റദ്ദാക്കിയത് 8 പേരുടെ വധശിക്ഷ

2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

0
122

ദില്ലി: ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി. അപ്പീൽ കോടതിയിലെ വാദത്തിന് ശേഷമാണ് ആശ്വാസ നടപടി. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ഗോപകുമാർ രാഗേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്. വിധി പറയുന്ന സമയത്ത് വിദേശകാര്യ അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും കോടതിയില്‍ സന്നിഹിതരായിരുന്നു.

2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ നാവികസേനയിൽ 20 വർഷത്തോളം ഇൻസ്ട്രക്ടർമാർ ഉൾപ്പെടെയുള്ള സുപ്രധാന പദവികളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് വധശിക്ഷ വിധിച്ചവരുടെ കൂട്ടത്തിലുള്ളത്. എട്ടുപേരെയും ഒരു വർഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തർ കോടതി ഒക്ടോബ‍ർ 26ന് വധശിക്ഷ വിധിച്ചത്.

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ രക്ഷിക്കാൻ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത മുൻ ഉദ്യോഗസ്ഥരിൽ ഒരാളുടെ സഹോദരി മീതു ഭാർഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ സഹായം തേടിയിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു.