മന്ത്രവാദം നടത്തിയെന്നാരോപണം; അസമിൽ ആദിവാസി യുവതിയെ തീകൊളുത്തിക്കൊന്നു

മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. മദ്യപിച്ചെത്തിയ സൂരജ് സംഗീതയുമായി ത‍ര്‍ക്കത്തിലായി. ഇതിനിടെ അക്രമിസംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു.

0
141

ന്യൂഡൽഹി: അസമിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ആദിവാസി യുവതിയെ തീകൊളുത്തി കൊന്നു. സംഗീത കാതിയെന്ന മുപ്പതുകാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ അയൽവാസിയുൾപ്പെടെ നാലുപേർ പിടിയിലായി. അസമിലെ സൊനിത്പൂരിൽ ഇന്നലെ രാത്രിയാണ് ദാരുണ സംഭവങ്ങളുണ്ടായത്.

യുവതിയുടെ അയൽവാസിയായ സൂരജ് ഭഗ്വാറിന്റെ നേതൃത്വത്തിലെത്തിയ ആറംഗസംഘമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. മദ്യപിച്ചെത്തിയ സൂരജ് സംഗീതയുമായി ത‍ര്‍ക്കത്തിലായി. ഇതിനിടെ അക്രമിസംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു.

ഭർത്താവിനെ കെട്ടിയിട്ടായിരുന്നു ആക്രമണം. കുത്തേറ്റു വീണ സംഗീതയെ തീകൊളുത്തി. പൊലീസെത്തും മുൻപ് അക്രമിസംഘം കടന്നുകളഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അക്രമിസംഘത്തിലെ നാലുപേരെ പിടികൂടി, രണ്ടുപേർ ഒളിവിലാണ്. വിശദമായ അന്വേഷണം പ്രഖ്യാപിച്ച പൊലീസ് മന്ത്രവാദത്തിന്റെ പേരിലാണോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്.