ശബരിമലയിൽ ഇന്ന് മണ്ഡലപൂജ ; മകരവിളക്ക് മഹോത്സവം ജനുവരി 15 ന്

മണ്ഡലപൂജയ്ക്ക് ശേഷം ഹരിവരാസനം പാടി താത്കാലികമായി നടയടക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് നട തുറക്കും.

0
109

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. മണ്ഡലപൂജ നടക്കുക രാവിലെ 10.30 നും 11.30 നും ഇടയിലാകും. മണ്ഡലപൂജയ്ക്ക് ശേഷം ഹരിവരാസനം പാടി താത്കാലികമായി നടയടക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. കഴിഞ്ഞ ദിവസം രാത്രിയോടെ തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയിരുന്നു. 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്.

അതേസമയം, സന്നിധാനത്ത് മണ്ഡല പൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് ഏറുകയാണ്. പമ്പയിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കുറി വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തീർഥാടകർ ദർശനത്തിനു ശേഷം എത്രയും വേഗം സന്നിധാനം വിട്ടുപോകണമെന്ന് നിരന്തരം അനൗൺസ് ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

അതേസമയം ശബരിമലയിൽ ഇക്കുറി നടവരവ് 204.30 കോടി രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. 222.98 കോടിയായിരുന്നു ശബരിമലയിലെ കഴിഞ്ഞ വർഷ വരുമാനം . കഴിഞ്ഞ തവണത്തേക്കാൾ 18 ശതമാനത്തിൻറെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.