മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാടിന്‍റെ രണ്ടാംഘട്ട ജാഗ്രത നിര്‍ദ്ദേശം ; ജലനിരപ്പ് 141 അടി പിന്നിട്ടു

തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചത് ആണ് ജലനിരപ്പ് ഉയരാന്‍ കാരണം.

0
237

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാടിന്‍റെ രണ്ടാംഘട്ട ജാഗ്രത നിര്‍ദ്ദേശം . ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു. 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചത് ആണ് ജലനിരപ്പ് ഉയരാന്‍ കാരണം.

സെക്കന്‍ഡില്‍ 1323 ഘനയടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് സെക്കന്‍റിൽ 300 ഘന അടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്. മഴ മാറി നിൽക്കുന്നതിനാലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞതിനാലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള വൈഗ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ നിറഞ്ഞു കിടക്കുന്നതും വെള്ളം കൊണ്ടുപോകുന്നതിലെ അളവില്‍ കുറവു വരുത്താന്‍ കാരണമാണ്.

മുല്ലപ്പെരിയാറിൽ നിന്നും ഇടുക്കിയിലേക്ക് ജലം തുറന്നു വിടുമെന്ന് മുമ്പ് അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് തമിഴ്നാട് പിൻവലിച്ചിരുന്നു. ജലനിരപ്പ് 141 അടി ആയതോടെ ഇടുക്കിയിലേക്ക് ജലം തുറന്നു വിടാനുള്ള സാധ്യത ഏറിയിട്ടുണ്ട്.