കോഴിക്കോട്: കൊടുവള്ളിയില്‍ ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവ് മരിച്ചു. നെല്ലാങ്കണ്ടി പുല്ലോറമ്മൽ സ്വദേശി ദീപക് ( 35) ആണ് മരിച്ചത്. ജില്ലാ സഹകരണ ആശുപത്രിയിൽ ഐടി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ദീപക് . ദേശീയപാത 766 ലാണ് സംഭവം.
ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയൻസ് ബസ്, ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ദീപകിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തന്നെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.