ബാലികയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക അതിക്രമം ; പ്രതിക്ക് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുഞ്ഞമ്മദിനെതിരെ ഇതേ കോടതിയിൽ വിചാരണ നടന്നുവരികയാണ്.

0
343

നാദാപുരം: ബാലികയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ 56 കാരന് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. പേരാമ്പ്ര കല്ലോട് കുരിയാടിക്കുനിയിൽ കുഞ്ഞമ്മദിനെ ആണ് ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിനു ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. ഈ കുറ്റത്തിന് 5000 രൂപ പിഴയും വിധിച്ചു.

2022 സെപ്റ്റംബറിൽ പേരാമ്പ്ര പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്. ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചതിന് പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുഞ്ഞമ്മദിനെതിരെ ഇതേ കോടതിയിൽ വിചാരണ നടന്നുവരികയാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പേരാമ്പ്ര എസ്ഐ എം.എ.രഘുനാഥൻ, എഎസ്ഐ പി.സുമ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ.ബീന തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.