ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നു ; പദ്മശ്രീ മെഡൽ ഉപേക്ഷിച്ച് ബജ്‌റംഗ് പൂനിയ, പ്രധാനമന്ത്രിക്ക് കത്തയച്ചു

ലൈംഗികാരോപണ വിധേയനായ മുൻ അദ്ധ്യക്ഷൻ ബ്രിജ്‌ഭൂഷൺ സിംഗിനെ സഹായിക്കുന്ന നടപടികളാണ് സർക്കാരിൽ നിന്നുണ്ടായതെന്ന് പൂനിയ പറഞ്ഞു.

0
854

ദില്ലി: സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനായതിൽ ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നു. സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ, മറ്റൊരു ഗുസ്‌തി താരമായ ഒളിംപിക് മെഡൽ ജേതാവ് ബജ്‌റംഗ് പൂനിയ പദ്മശ്രീ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. തങ്ങൾ നേരിടുന്നത് കടുത്ത അനീതിയാണെന്ന് പരാതിപ്പെട്ട താരങ്ങളെ ബ്രിജ് ഭൂഷൻ രാഷ്ട്രീയ പിൻബലത്തോടെ പിന്തിരിപ്പിക്കുന്നുവെന്നും ബജരംഗ് പൂനിയ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആരോപിച്ചു.

ലൈംഗികാരോപണ വിധേയനായ മുൻ അദ്ധ്യക്ഷൻ ബ്രിജ്‌ഭൂഷൺ സിംഗിനെ സഹായിക്കുന്ന നടപടികളാണ് സർക്കാരിൽ നിന്നുണ്ടായതെന്ന് പൂനിയ പറഞ്ഞു. ഫെഡറേഷനിൽ ആധിപത്യം തുടരുമെന്ന് ബ്രിജ്‌ഭൂഷൺ പറഞ്ഞത് വെല്ലുവിളിയാണെന്നും ഇതിന്റെ മാനസിക സമ്മർദമാണ് സാക്ഷി മല്ലികിനെ വിരമിക്കാൻ പ്രേരിപ്പിച്ചതെന്നും കത്തിൽ ചൂണ്ടിക്കാട്ടി

അതേസമയം, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ലൈംഗികാതിക്രമ കേസിൽ പുറത്തായ ബ്രിജ് ഭൂഷന്റെ വിശ്വസ്തനെ ഫെഡറേഷൻ അധ്യക്ഷനാക്കിയത് അനീതിയെന്നാണ് വിമർശനം. വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ സർക്കാർ മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല ആവശ്യപ്പെട്ടു.