പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക്. തിരക്കുകളെയും ബുദ്ധിമുട്ടുകളെയും അവഗണിച്ച് പതിനായിരങ്ങളാണ് ദിവസേന മല ചവിട്ടാൻ എത്തുന്നത്. അവധി ദിവസമായ ശനിയാഴ്ച ഏറ്റവും 5 മണിവരെ 65000 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. പുലർച്ചെ മുതൽ തന്നെ ശബരിമലയിൽ ഇന്ന് വലിയ ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ഒരു മണി മുതൽ രാവിലെ ആറര മണി വരെയുള്ള സമയത്ത് തന്നെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നായിരുന്നു കണക്ക്. ശേഷവും ഭക്തജന പ്രവാഹം തുടരകുയാണ്.
ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി. പമ്പയിൽ തിരക്കായതോടെ സത്രം – പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നാളെ ഞായറാഴ്ടയും വലിയ തിരക്കായിരിക്കും ശബരിമലയിൽ അനുഭവപ്പെടുകയെന്നാണ് വ്യക്തമാകുന്നത്.
സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനും കേരള ആംഡ് പൊലീസും ചേര്‍ന്ന് മൂന്ന് ബാച്ചുകളായാണ് പതിനെട്ടാം പടിയില്‍ സജ്ജരായിരിക്കുന്നത്.
ഓരോ ബാച്ചിലും നാല്‍പത് പേരാണുള്ളത്. നാല് മണിക്കൂര്‍ ഇടവേളകളില്‍ ബാച്ചുകള്‍ മാറും. ഓരോ ഇരുപത് മിനിറ്റിലും പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന പതിനാല് പേര്‍ മാറി അടുത്ത പതിനാല് പേര്‍ എത്തുന്ന രീതിയിലാണ് ക്രമീകരണമെന്നും മന്ത്രി അറിയിച്ചു.