അലകടൽ പോലെ നവ കേരള സദസ്: എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കും- മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് കെട്ടി കിടക്കുന്ന മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കിയാല്‍ ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്നതിനാവശ്യമായ ഭൂമി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ലാൻ്റ് ബോര്‍ഡുകളെ 4 മേഖലകളായി തിരിച്ച് മേഖലാ ലാൻ്റ് ബോര്‍ഡ് ചെയര്‍മാന്മാരുടെ തസ്തിക സൃഷ്ടിച്ചത്. പ്രവര്‍ത്തനം തുടങ്ങി 4 മാസങ്ങള്‍ക്കുളളില്‍ തന്നെ 46 കേസുകളിലായി 347.24 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായത് ചരിത്ര നേട്ടമാണ്.

0
229

പാലക്കാട്‌: എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് നൽകിയ ആ ഉറപ്പ് മികച്ച രീതിയിൽ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവകേരള സദസ്സ് ജില്ലയിൽ പര്യടനം തുടരുമ്പോൾ ഓർമ്മിക്കേണ്ട ഒരു കാര്യം പട്ടയ വിതരണത്തിന്റേതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് പാലക്കാട് ജില്ലയിലാണ്. 17,845 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്.

പട്ടയം വിതരണം ചെയ്യാൻ ഇതിനകം സംസ്ഥാനത്ത് ഒരു പട്ടയ മിഷന് രൂപം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് ഏകദേശം 3 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാനത്ത് കഴിഞ്ഞു. പട്ടയം ആവശ്യമുളളവര്‍ അപേക്ഷയുമായി അധികൃതരെ സമീപിക്കുന്ന രീതി മാറ്റി കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തവരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കണ്ടെത്തുന്ന പുതിയ രീതിയാണ് അവലംബിക്കുന്നത്. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പട്ടയ അസംബ്ലികള്‍ സംഘടിപ്പിച്ചു. പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെട്ട പട്ടയ വിഷയങ്ങള്‍ 3 മാസം കൂടുമ്പോള്‍ റവന്യൂ മന്ത്രി നേരിട്ട് റിവ്യൂ ചെയ്യുന്ന സമ്പ്രദായവും ആരംഭിച്ചു.

ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭൂമി കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കെട്ടി കിടക്കുന്ന മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കിയാല്‍ ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്നതിനാവശ്യമായ ഭൂമി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ലാൻ്റ് ബോര്‍ഡുകളെ 4 മേഖലകളായി തിരിച്ച് മേഖലാ ലാൻ്റ് ബോര്‍ഡ് ചെയര്‍മാന്മാരുടെ തസ്തിക സൃഷ്ടിച്ചത്. പ്രവര്‍ത്തനം തുടങ്ങി 4 മാസങ്ങള്‍ക്കുളളില്‍ തന്നെ 46 കേസുകളിലായി 347.24 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായത് ചരിത്ര നേട്ടമാണ്.

സംസ്ഥാനത്ത് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തിന് മാതൃകയായി യൂണിക്ക് തണ്ടപ്പേര്‍ സംവിധാനം ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. സംസ്ഥാനത്ത് ഒരു വ്യക്തിക്ക് ഒരു തണ്ടപ്പേര്‍ എന്ന ഈ സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതോടെ കൂടുതൽ മിച്ചഭൂമി ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുമാകും.

ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയായ വില്ലേജുകളില്‍ സര്‍വ്വെ വകുപ്പിന്റെ ഇമാപ്, രജിസ്ട്രേഷന്‍ വകുപ്പിന്റെ പേൾ റവന്യൂ വകുപ്പിന്റെ റെയിൽസ് എന്നിവ സംയോജിപ്പിച്ച് എൻ്റെ ഭൂമി എന്ന പേരില്‍ സംയോജിത പോര്‍ട്ടല്‍ നിലവില്‍ വരും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം പൂര്‍ത്തിയാകുന്നത്. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ക്രയവിക്രയങ്ങളും സുതാര്യമാകും.

ഇന്ന് നടന്ന പ്രഭാത യോഗത്തിന് മുൻപ് ഇടുക്കിക്കാരി ജിലുമോൾ വന്നിരുന്നു. കൈകളില്ലെങ്കിലും കാലുകൾ കൊണ്ട് വണ്ടി ഓടിക്കാൻ പഠിച്ച ജിലുമോൾക്ക് അവിടെവെച്ച് ഡ്രൈവിങ് ലൈസൻസ് കൈമാറി. സംസ്ഥാന ഭിന്ന ശേഷി കമീഷനാണ് ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചത്. ആർ.ടി. ഒ അധികൃതരും സജീവമായ സഹായം നൽകി.

ഇന്നലെ പാലക്കാട് ജില്ലയിൽ
ഷൊർണൂർ 3424
തൃത്താല 4419
പട്ടാമ്പി 3404
ഒറപ്പാലം 4506
എന്നിങ്ങനെ 15753 നിവേദനങ്ങളാണ് ലഭിച്ചത്.