കുട്ടനാട്: തലവടിയില്‍ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു. മൂലേപ്പറമ്പ് വീട്ടില്‍ സുനു-സൗമ്യ ദമ്പതികളാണ് തൂങ്ങി മരിച്ചത്. രാവിലെ പതിവിന് വിപരീതമായി ഇരുവരെയും പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് തിരക്കിയെത്തിയ അയല്‍വാസികളാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗമ്യ കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. അസുഖവും സാമ്പത്തിക ബാധ്യതയുമാണ് കൂട്ടമരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ഗള്‍ഫില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന സൗമ്യ മൂന്ന് മാസം മുന്‍പാണ് നാട്ടില്‍ എത്തുന്നത്. തിരികെ പോകുന്നതിനായി മെഡിക്കല്‍ ചെക്കപ്പ് നടത്തിയതോടെയാണ് ക്യാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ചികിത്സ തേടിയെങ്കിലും രോഗ വിവരം സൗമ്യയേയും കുടുംബത്തേയും മാനസികമായി തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സുനു നേരത്തെ തന്നെ നാട്ടിലേയ്ക്ക് മടങ്ങിയയിരുന്നു. നാട്ടില്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നതിനിടെ സുനുവിനും പരിപ്പുപറ്റി. ഇതിനിടെയാണ് സൗമ്യയും രോഗബാധിതയാകുന്നത്. ആര്‍ സി സിയില്‍ ചികിത്സ തേടിയ സൗമ്യയ്ക്ക് ഒന്നര ആഴ്ചകൂടുമ്പോള്‍ രക്തം മാറ്റണം. ഇന്ന് രക്തം മാറ്റുന്നതിനായി ആര്‍ സി സിയിലേയ്ക്ക് പോകേണ്ട ദിവസമായിരുന്നെന്നും അടുപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കി.
എട്ടുമണിയായിട്ടും ആരെയും പുറത്തേയ്ക്ക് കാണാതായതോടെയാണ് അയള്‍വാസികള്‍ എത്തിയത്. എന്നാല്‍ കിടപ്പുമുറിയില്‍ ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസില്‍ എത്തി പരിശോധന ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)