കണ്ണൂര്‍ വി.സി പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്തേക്ക്

സമ്മർദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമാണ്. ആയതിനാൽ ഡോ. രവീന്ദ്രൻ ​ഗോപിനാഥന് പുനർ‌നിയമനം നൽകിയ നടപടി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

0
209

കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സമ്മർദം മൂലമുള്ള നിയമനം ചട്ടവിരുദ്ധമാണ്. ആയതിനാൽ ഡോ. രവീന്ദ്രൻ ​ഗോപിനാഥന് പുനർ‌നിയമനം നൽകിയ നടപടി നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

അതേസമയം പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതിൽ തെറ്റില്ല . പുനർ‌നിയമനത്തിൽ യുജിസി ചട്ടങ്ങൾ നിർബന്ധമല്ലെന്ന വസ്തുതയും കോടതി പരി​ഗണിച്ചു. പിന്നീട് ​ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്.

നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ എത്തിയത്.