യുത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ജീർണ രാഷ്ട്രീയത്തിൻ്റെ ദുർഗന്ധം- അശോകൻ ചരുവിൽ

0
778

യുത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്:
ജീർണ രാഷ്ട്രീയത്തിൻ്റെ ദുർഗന്ധം- അശോകൻ ചരുവിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു പുറത്തുവരുന്ന വാർത്തകൾ നമ്മുടെ രാഷ്ട്രീയരംഗത്തെ ബാധിച്ചിരിക്കുന്ന വലിയ ജീർണ്ണതയുടെ സൂചനയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ. മതരാഷ്ട്രവാദം അജണ്ടയാക്കിയ ഒരു ഒരു തീവ്രവാദി സംഘം രാജ്യം ഭരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഏക അവലംബം ജനാധിപത്യത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർടികളും അവയുടെ പ്രവർത്തനവുമാണ്. യൂത്ത് കോൺഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്രമുള്ള ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസ് പാർടിയുടെ ഭാഗമാണ്. ആ നിലക്ക് ചിന്തിക്കുമ്പോൾ ജീർണതയുണ്ടാക്കുന്ന നടുക്കം ഭയാനകമാവുന്നു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തങ്ങളുടെ യൗവ്വനം ജനങ്ങളുടെ ജീവിതത്തിനും മോചനത്തിനും വേണ്ടി സമർപ്പിച്ച് പോലീസ് ലോക്കപ്പുകളിലും ക്യാമ്പുകളിലും വെച്ച് എല്ലുതകർന്നവരുടെ നേതൃത്വനിരയാണ് കേരളത്തിനു പരിചയം. ഇപ്പോഴിതാ മുകളിലെത്താൻ എളുപ്പവഴികൾ സ്വീകരിക്കുന്ന ചിലർ രംഗത്തെത്തിയിരിക്കുന്നു.
പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വം പിടിച്ചുപറ്റാൻ ആസൂത്രിതവും സംഘടിതവുമായി വ്യാജ വോട്ടർ ഐഡി കാർഡുകൾ ഉണ്ടാക്കിയവർ സ്വാർത്ഥലാഭത്തിനു വേണ്ടി ഏതറ്റം വരെ പോകും എന്നു ചിന്തിക്കണം. ഇത്രയും വലിയ കൃത്രിമവും അഴിമതിയും നടത്തി നേതൃത്വത്തിലെത്തുന്നത് എന്തിനായിരിക്കും. പാർലിമെൻ്ററി അധികാരസ്ഥാനങ്ങളിലെത്തി തീവെട്ടിക്കൊള്ള നടത്താൻ വേണ്ടിയാണ് എന്നതിൽ സംശയമില്ല. ഈ കൊള്ളസംഘത്തെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് നിയമസംവിധാനത്തിൻ്റെ ഉത്തരവാദിത്വമാണ്. പക്ഷേ അതുകൊണ്ടു തീർക്കേണ്ട പ്രശ്നമല്ല ഇത്. ഇവരെ തിരിച്ചറിഞ്ഞ് ബഹിഷ്കരിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ പേർക്കും ചുമതലയുണ്ട്- കുറിപ്പിൽ പറഞ്ഞു.