പിണറായി വിജയനോട് തോന്നുന്ന ശത്രുത നിങ്ങളുടെ വിശ്വാസ്യത തകർക്കരുത്

സോഴ്സ് നെ കുറിച്ച് അന്വേഷിക്കാതെ വാർത്ത പ്രചരിപ്പിക്കരുത് എന്നു ഓർമിപ്പിക്കുകയാണ്

0
98

“മാധ്യമങ്ങൾക്ക് തെറ്റ് പറ്റാം”- കെ കെ ഷാഹിന

പ്രമുഖ മാധ്യമപ്രവർത്തകയായ കെ കെ ഷാഹിനയുടെ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കിടയിലെ സംസാരവിഷയം. വ്യക്തിതല്പര്യങ്ങളാലോ സ്വരാഷ്ട്രീയ സ്വാധീനത്താലോ സോഴ്സ് നെ കുറിച്ച് അന്വേഷിക്കാതെ വാർത്ത പ്രചരിപ്പിക്കരുത് എന്നു ഓർമിപ്പിക്കുകയാണ് ഈ മാധ്യമപ്രവർത്തക.

പോസ്റ്റിന്റെ പൂർണരൂപം :

മാധ്യമങ്ങൾക്ക് തെറ്റ് പറ്റാം. കാരണം വാർത്ത കൈകാര്യം ചെയ്യുന്നത് മനുഷ്യരാണ്.
പക്ഷേ എല്ലാ മാധ്യമങ്ങൾക്കും ഒരേ സന്ദർഭത്തിൽ ഒരുമിച്ച് ഒരേ ‘ തെറ്റ് ‘ സംഭവിക്കുമ്പോൾ അത് കേവലം തെറ്റ് അല്ലാതാകുന്നു. മറിച്ച് അത് പ്രൊപഗാണ്ട ആകുന്നു. അതൊട്ടും നിഷ്കളങ്കമല്ല, ഒരു ഖേദ പ്രകടനത്തിൽ തീരുകയുമില്ല.
ജേർണലിസം വിദ്യാർത്ഥികളോടാണ്:
എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു? നമ്മുടെ ഉള്ളിൽ രൂഢമൂലമായി കിടക്കുന്ന മുൻവിധികൾ, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, കടുത്ത രാഷ്ട്രീയ പക്ഷ പാതിത്വം എന്നിവയെ കുറിച്ച് നമുക്ക് നിരന്തരമായ ജാഗ്രത ഇല്ലെങ്കിൽ ഇത് സംഭവിക്കും. ഒരു സോഴ്സിന് നമ്മളെ എളുപ്പത്തിൽ വഴി തെറ്റിക്കാൻ പറ്റും.
മാധ്യമപ്രവർത്തകർക്ക് , മറ്റെല്ലാ മനുഷ്യർക്കും ഉള്ളത് പോലുള്ള മുൻവിധികളും രാഷ്ട്രീയ പക്ഷ പാതിത്വവും ഉണ്ട്. പക്ഷേ മറ്റുള്ളവരിൽ നിന്ന് മാധ്യമ പ്രവർത്തകരെ വ്യത്യസ്തരാക്കേണ്ടത് , ഈ biases തിരിച്ചറിയാനും അതിനോട് ജാഗ്രത പുലർത്താനും ഉള്ള ശേഷി കൊണ്ടാണ്.
നമ്മുടെ രാഷ്ട്രീയ നിലപാടുകൾ ജേർണലിസ്റ്റ് എന്ന നിലക്കുള്ള നമ്മുടെ credibility യെ തകർക്കാൻ ഇടയാക്കരുത് എന്ന നിരന്തര ജാഗ്രത നമുക്ക് ഉണ്ടാകേണ്ടതുണ്ട്.
ഉദാഹരണത്തിന്, ഞാൻ കടുത്ത സംഘ് പരിവാർ വിരുദ്ധ നിലപാട് ഉള്ള ഒരാളാണ്. അത് കൊണ്ട് തന്നെ ബിജെപി ക്കെതിരെയോ ആ പാർട്ടിയുടെ നേതാക്കൾക്ക് എതിരെയോ ഒരു വാർത്ത എഴുതുമ്പോൾ എനിക്ക് ഇരട്ടി ജാഗ്രത ഉണ്ടാകും. വസ്തുതാപരമല്ലാത്ത ഒരു വാക്കോ വരിയോ പോലും കടന്നു വരരുത് എന്ന നിർബന്ധം ഉണ്ടാകും. ഒരു ചെറിയ തെറ്റ് പോലും എൻ്റെ വിശ്വാസ്യത തകർക്കും എന്ന ഭയം കൊണ്ടാണ് അത്.
ഇന്നേ വരെ ഇത് പാലിക്കാൻ ശ്രമിച്ച് പോന്നിട്ടുണ്ട് . എനിക്ക് എതിരെ ഉണ്ടായ കേസ് പോലും ആ വാർത്ത വസ്തുതാവിരുദ്ധമായത്
കൊണ്ടല്ല എന്നത് പറയേണ്ടതില്ലല്ലോ.
പറഞ്ഞ് വന്നത് ഇത്രയുമാണ്.
നിങ്ങൾക്ക് പിണറായി വിജയനോട്/ സി പി എമ്മിനോട് തോന്നുന്ന ശത്രുത ,ഒരു ജേർണലിസ്റ്റ് എന്ന നിലക്കുള്ള നിങ്ങളുടെ വിശ്വാസ്യത തകർക്കാൻ കാരണമാകരുത്. പിണറായി വിജയനെ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ , അദ്ദേഹത്തിനെതിരായ വാർത്ത തരുന്ന സോഴ്സിനെ ഒരിക്കലും കണ്ണും പൂട്ടി വിശ്വസിക്കരുത്. ആ സോഴ്‌സിന് നിങ്ങളുടെ രാഷ്ട്രീയം അറിയാം എന്ന ഓർമ നിങ്ങൾക്ക് ഉണ്ടാവണം. ക്രോസ് ചെക്കിങ് എന്നൊരു പരിപാടി ഉണ്ട് ജേർണലിസത്തിൽ. കയ്യിൽ കിട്ടുന്ന വാർത്ത നിങ്ങളുടെ രാഷ്ട്രീയ പക്ഷ പാതിത്വത്തെ തൃപ്തിപ്പെടുത്തുന്നതാണെങ്കിൽ പ്രത്യേകിച്ചും , ഒന്നിലധികം സോഴ്സിൽ നിന്ന് വാർത്ത ശരിയാണ് എന്ന് ഉറപ്പ് വരുത്തേണ്ട അധിക ബാധ്യത നിങ്ങൾക്കുണ്ട്.
പിണറായി വിജയനും സിപിഐഎമ്മും ഈ സന്ദർഭത്തിൽ ചേരുന്ന ഉദാഹരണങ്ങൾ എന്ന നിലക്ക് പറഞ്ഞു എന്ന് മാത്രം. ഇത് എല്ലാവർക്കും എല്ലാ സന്ദർഭങ്ങളിലേക്കും ബാധകമാണ്.
Go by Facts and only by Facts.